ഒട്ടാവ: കാനഡക്കാരി ചാര്‍ലി റൂസോയ്ക്ക് 25 വയസാണ് പ്രായം. കൗമാരപ്രായത്തിലാണ് അമ്മ ഇവളെ ഗര്‍ഭം ധരിച്ചത്.
കുഞ്ഞിനെ വളര്‍ത്താന്‍ അമ്മയുടെ ജീവിത സാഹചര്യങ്ങള്‍ അനുവദിക്കുമായിരുന്നില്ല. അവര്‍ മകളെ നശിപ്പിക്കാന്‍ തീരുമാനിച്ചു. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചെങ്കിലും കുഞ്ഞ് മരിച്ചില്ല. അവള്‍ പിറന്നു. എന്നാല്‍ അമ്മ ഇവളെ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ തിരുശേഷിപ്പായി ഒരു കൈയും പകുതി കാലുമായാണ് ഉവള്‍ ജനിച്ചത്.
കാനഡയിലെ ക്യൂബെക്കില്‍ റൂയിന്‍ നോറണ്ടിയിലാണ് ഇവള്‍ ഇപ്പോള്‍ ജീവിക്കുന്നത്. ഇത്രയേറെ വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും ഒരു സാധാരണ കുട്ടിയെ പോലെ തന്നെ ഇവള്‍ വളര്‍ന്നു. കൗമാരപ്രായത്തില്‍ എത്തിയപ്പോഴാണ് കഥകള്‍ എല്ലാം അമ്മ ഇവളോട് പറഞ്ഞത്. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍ക്ക് സംഭവിച്ച കൈപ്പിഴയാണ് ഗര്‍ഭച്ഛിദ്രം പരാജയപ്പെടുത്തിയത്. ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയ്ക്ക് വേണമെങ്കില്‍ വീണ്ടും ശ്രമിക്കാമായിരുന്നു. അതുമല്ലെങ്കില്‍ ആശുപത്രിക്കെതിരെ കേസ് കൊടുക്കാമായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ നാട്ടുകാരെ അറിയിക്കാനോ ഒരു സംഭവമാക്കാനോ അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല.
തന്റെ ശാരീരിക വൈകല്യങ്ങളെക്കുറിച്ച് ഒരിക്കലും താന്‍ ചിന്തിച്ചിരുന്നേയില്ല. ഇതിന് കാരണം തന്റെ മാതാപിതാക്കളായിരുന്നു. അവര്‍ ഒരിക്കലും തനിക്ക് എന്തെങ്കിലും കുറവുകളുള്ളതായി കരുതിയിരുന്നില്ല. മകള്‍ക്ക് വേണ്ട എല്ലാ സ്വാതന്ത്ര്യവും നല്‍കി. അവള്‍ ഒരു സാധാരണ സ്‌കൂളിലാണ് പഠിച്ചിരുന്നത്. അവിടെ അവള്‍ക്ക് ധാരാളം സുഹൃത്തുക്കളും ഉണ്ടായിരുന്നു.
കുട്ടിക്കാലം സാധാരണ പോലെ കടന്ന് പോയെങ്കിലും കൗമാരക്കാലമായപ്പോള്‍ അവള്‍ക്ക് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി. സമപ്രായക്കാര്‍ ഡേറ്റിംഗിനും മറ്റും പോകുന്നു ആണ്‍കുട്ടികളുമായി ചുറ്റിയടിക്കുന്നു. അപ്പോഴാണ് തന്നെ ആരെങ്കിലും പ്രണയിക്കുമോ എന്ന ആശങ്ക അവള്‍ക്ക് ഉണ്ടായത്. എനിക്ക് എന്നെങ്കിലും ഒരു കാമുകന്‍ ഉണ്ടാകുമോ എന്ന് ചിന്തിച്ച് താന്‍ വിഷമിച്ചിരുന്നതായും ചാര്‍ലി വെളിപ്പെടുത്തി.
എന്നാല്‍ ഇപ്പോള്‍ തനിക്ക് തെല്ലും നിരാശയില്ല. ടിക്ക് ടോക്കിലെ മിന്നും താരമാണ് ചാര്‍ലിയിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലും ഇവള്‍ തിളങ്ങുന്നുണ്ട്. ലോകം മുഴുവന്‍ സഞ്ചരിക്കണമെന്നാണ് ഇവളുടെ ആഗ്രഹം. ഇതിനകം തന്നെ ബ്രിട്ടന്‍, ഓസ്‌ട്രേലിയ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ കണ്ടു കഴിഞ്ഞു. ആളുകള്‍ തന്നോട് ഏറെ സൗഹൃദത്തോടെയാണ് ഇടപെടുന്നതെന്നും ഇവള്‍ വെളിപ്പെടുത്തി. താന്‍ സഹായം എന്തെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ചെയ്ത് തരും. നിങ്ങള്‍ നിങ്ങളുടെ ജീവിതം നന്നായി ജീവിക്കൂ. തെല്ലും സമയം പാഴാക്കാനില്ല ഇവള്‍ പറയുന്നു. റേഡിയോ അവതാരകയായും ഇവള്‍ ജോലി ചെയ്യുന്നുണ്ട്