കാലാവസ്ഥ വ്യതിയാനം രോഗവ്യാപനത്തിന് പ്രധാന പങ്കുവഹിക്കുമെന്ന് പഠനം

Advertisement

ന്യൂയോർക്ക്: കാലാവസ്ഥ വ്യതിയാനം രോഗവ്യാപനത്തിന് പ്രധാന പങ്കുവഹിക്കുമെന്ന് പഠനം. 58 ശതമാനം സാംക്രമിക രോഗങ്ങളും കൂടുതൽ വഷളാകുന്നതിൽ ഏതെങ്കിലുമൊരു കാലാവസ്ഥ ദുരന്തം പങ്ക് വഹിക്കുന്നുണ്ടെന്നും കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച്‌ രോഗങ്ങളുടെ സ്വഭാവവും മാറുമെന്നും വിസ്കോൻസിൻ മാഡിസൻ സർവകലാശാലയിലെ ഗ്ലോബൽ ഹെൽത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജൊനാഥൻ പാറ്റ്സ് പറയുന്നു.

1006 പ്രത്യേക രീതികളിലൂടെയാണ് സാംക്രമിക രോഗങ്ങൾക്ക് പടരാൻ കാലാവസ്ഥ വ്യതിയാനം വഴിയൊരുക്കുന്നത്. ഇതിനാൽ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെടുന്നു. 286 ഇനം അസുഖങ്ങളാണ് പഠനവിധേയമാക്കിയത്. ഇതിൽ 223 എണ്ണവും കാലാവസ്ഥ വ്യതിയാനം കാരണം ഗുരുതരമാകുന്നതായി കണ്ടെത്തി. പഠനം നേച്ചർ ക്ലൈമറ്റ് ചെയ്ഞ്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാശ്ചാത്യ രാജ്യങ്ങളിൽ പടർന്ന് പിടിച്ച കാട്ടുതീ, യൂറോപിലെ ഉഷ്ണതരംഗം, ഇതര പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും കനത്തമഴയും തുടങ്ങിയവ ആളുകളെ പലായനം ചെയ്യാൻ നിർബന്ധരാക്കിയിട്ടുണ്ട്. കൂടാതെ കോവിഡ്, മങ്കിപോക്സ് തുടങ്ങിയ രോഗങ്ങളും ആഗോളതലത്തിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.

Advertisement