അർബുദത്തിന് കാരണമാവുന്നുവെന്ന് ആരോപണമുള്ള കുട്ടികളുടെ പൗഡറിന്റെ വിൽപന ജോൺസൺ ആൻഡ് ജോൺസൺ അവസാനിപ്പിക്കുന്നു

Advertisement

വാഷിംഗ്ടൺ: ആഗോളപ്രശസ്തമായ അമേരിക്കൻ മരുന്ന് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൺ വിവാദമായ ടാൽക് (ധാതു) അടിസ്ഥാനമാക്കിയുള്ള ബേബി പൗഡറിന്റെ വിൽപന 2023-ൽ അവസാനിപ്പിക്കുമെന്ന് വ്യാഴാഴ്ച പ്രഖ്യാപിച്ചു.
യുഎസ്‌എയിലും കാനഡയിലും കമ്പനി ഈ ബേബി പൗഡറിന്റെ വിൽപന നിർത്തി രണ്ട് വർഷത്തിന് ശേഷമാണ് അന്താരാഷ്ട്രതലത്തിൽ വിൽപന നിർത്താൻ തീരുമാനിച്ചത്. ടാൽക് പൊടികളിൽ നിന്ന് ചോളം കൊണ്ടുണ്ടാക്കുന്ന അന്നജം (cornstarch) ഉപയോഗിച്ചുള്ള ബേബി പൗഡറിലേക്ക് മാറുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

വർഷങ്ങളായി, കമ്പനി ടാൽകം പൗഡറുകൾ, പ്രത്യേകിച്ച്‌ ബേബി പൗഡറുകളിൽ ക്യാൻസറിന് കാരണമാകുന്ന ആസ്ബറ്റോസ് ഉള്ളതായി റിപോർട് ചെയ്യപ്പെടുകയും അത് വിവാദമാവുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഉൽപ്പന്നം സുരക്ഷിതമാണെന്ന നിലപാടാണ് അവർ ഇപ്പോഴും സ്വീകരിക്കുന്നത്.

‘ഞങ്ങളുടെ സൗന്ദര്യവർധക പൗഡറിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല. ലോകമെമ്പാടുമുള്ള മെഡിക്കൽ വിദഗ്ധർ പതിറ്റാണ്ടുകളായി നടത്തിയ സ്വതന്ത്രമായ ശാസ്ത്രീയ വിശകലനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. ടാൽക് അടിസ്ഥാനമാക്കിയുള്ള ബേബി പൗഡർ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും ക്യാൻസറിന് കാരണമാകില്ലെന്നും ഇത് സ്ഥിരീകരിക്കുന്നു’ കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

പൗഡറിന്റെ ദോഷകരമായ ഫലങ്ങളെക്കുറിച്ച്‌ കമ്പനിക്ക് അറിയാമെന്ന് സ്ഥാപനത്തിനുള്ളിൽ പ്രചരിച്ച മെമോകൾ അനുസരിച്ച്‌, വാർത്താ ഏജൻസിയായ റോയിടേഴ്സ് റിപോർട് ചെയ്തു. പക്ഷെ, അതൊന്നും കമ്പനിയെ ബാധിച്ചിരുന്നില്ല. ആഫ്രിക്കൻ-അമേരിക്കൻ വിപണിയിൽ വിൽപ്പന ഇരട്ടിയായി വർധിച്ചിരുന്നു.

നീണ്ട നിയമ നടപടികൾ ഒഴിവാക്കാനായി, ഈ വർഷം ഫെബ്രുവരിയിൽ കമ്പനി പരാതികളിൽ സ്റ്റേ ലഭിക്കാൻ ‘ടെക്‌സസ് ടു-സ്റ്റെപ്’ എന്ന സമർഥമായ ഒരു തന്ത്രം ഉപയോഗിച്ചു. ബേബി പൗഡറിന്റെ കുറ്റം എൽടിഎൽ മാനജ്മെന്റ് എന്ന പുതിയ ഉപകമ്പനിയുടെ മേൽ ചുമത്തിയതായി റിപോർട് പുറത്തുവന്നിരുന്നു.

ആ കമ്പനി പാപ്പരത്തത്തിനായി ഫയൽ ചെയ്യുകയും അതിന് കോടതിയുടെ അനുമതി ലഭിക്കുകയും ചെയ്തു. പാപ്പരത്തത്തിന്റെ കാര്യത്തിൽ, വ്യക്തിഗത നിയമനടപടികൾ നിർത്തിവയ്ക്കുകയും അങ്ങനെ ആ പഴുത് ഉപയോഗിച്ച്‌ നിയമനടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ജോൺസൺ ആൻഡ് ജോൺസൺ കംപനിക്ക് കഴിഞ്ഞു എന്നതും ശ്രദ്ധേയമാണ്.