അഫ്ഗാനിസ്താനിലെ താലിബാൻ അനുകൂല മത പണ്ഡിതനെ ഐ.എസ് കൊലപ്പെടുത്തി

Advertisement

കാബൂൾ : അഫ്ഗാനിസ്താനിലെ താലിബാൻ അനുകൂല മത പണ്ഡിതൻ ഷെയ്ഖ്‌ റഹിമുള്ള ഹഖാനിയെ ഐ.എസ് നടത്തിയ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

കൃത്രിമ കാലിൽ ബോംബ് ഒളിപ്പിച്ചെത്തിയാണ് ചാവേർ സ്‌ഫോടനം നടത്തിയത്‌. വാർത്താ ഏജൻസിയായ റോയ്‌റ്റേഴ്‌സിനോട് താലിബാൻ വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഐ.എസ്. മുൻപ് പല തവണ ഹഖാനിയെ ലക്ഷ്യംവെച്ചിരുന്നു.

ഖൊറാസാൻ പ്രവിശ്യയിലെ ഐഎസ് നീക്കങ്ങളുടെ കടുത്ത വിമർശകനും അഫ്ഗാനിലെ താലിബാൻ ഭരണത്തെ പിന്തുണച്ച മതനേതാവായിരുന്നു കൊല്ലപ്പെട്ട ഷെയ്ഖ്‌ റഹിമുള്ള ഹഖാനി. കഴിഞ്ഞ വർഷം അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തിയാണ് ഹഖാനി. മുൻപ് രണ്ട് തവണയാണ് വധശ്രമത്തിൽ നിന്ന് ഹഖാനി രക്ഷപ്പെട്ടിട്ടുള്ളത്.

2020ൽ പാകിസ്താനിലെ പെഷാവാറിൽ ഒരു സ്‌കൂളിന് നേരെ ആക്രമണം നടക്കുമ്പോൾ ഹഖാനി അവിടെയുണ്ടായിരുന്നു. ഈ സംഭവത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടെങ്കിലും അന്ന് ഹഖാനി രക്ഷപ്പെട്ടിരുന്നു. പെഷാവാർ സംഭവത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അഫ്ഗാനിസ്താനെ സംബന്ധിച്ച്‌ നികത്താനാകാത്ത ഒരു നഷ്ടമാണ് ഹഖാനിയുടെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് താലിബാൻ നേതൃത്വവുമായി അടുത്ത വൃത്തങ്ങൾ റോയിറ്റേഴ്‌സിനോട്‌ പ്രതികരിച്ചു.

താലിബാൻ ഭരണത്തെ അനുകൂലിക്കുന്ന വ്യക്തിയാണെങ്കിലും പെൺകുട്ടികളുടേയും സ്ത്രീകളുടേയും വിദ്യാഭ്യാസം സംബന്ധിച്ച്‌ താലിബാൻ നിലപാടിനോട് യോജിപ്പുള്ള വ്യക്തിയായിരുന്നില്ല ഹഖാനി. അഫ്ഗാനിലെ സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാഭ്യാസം നേടുന്നതിന് സാധിക്കണമെന്നാണ് ഹഖാനി ഉന്നയിച്ചിരുന്ന ആവശ്യം.

ബിബിസിക്ക് അനുവദിച്ച ഒരു അഭിമുഖത്തിൽ മുൻപ് തന്റെ വാദത്തെ പിന്തുണച്ച്‌ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. എല്ലാ മതഗ്രന്ഥങ്ങളും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നുണ്ട്. ഉദാഹരണമായി ഇസ്ലാമിക രാജ്യങ്ങളായ അഫ്ഗാനിലോ പാകിസ്താനിലോ ഒരു സ്ത്രീക്ക് സുഖമില്ലാത്ത അവസ്ഥയുണ്ടായാൽ അവർക്ക് പരിചരണവും ചികിത്സയും ആവശ്യമായി വരും. അവരെ ഒരു വനിതാ ഡോക്ടർ പരിശോധിക്കുന്നതും ചികിത്സിക്കുന്നതുമാണ് നല്ലത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്‌.

Advertisement