ഇസ്ലാമാബാദ്: എഴുത്തുകാരൻ അഹമ്മദ് സൽമാൻ റുഷ്ദിയെ പിന്തുണച്ച ഹാരി പോട്ടർ സൃഷ്ടാവ് ജെകെ റൗളിങ്ങിന് ഭീകരരുടെ വധഭീഷണി.
പാകിസ്താൻ,ഇറാൻ ഭീകരരുടെ ഭീഷണികളാണ് റൗളിങ്ങിന് നേരെ ഉയരുന്നത്. വധഭീഷണിയ്‌ക്ക് പിന്തുണയുമായി നിരവധി മതമൗലികവാദികളാണ് രംഗത്തെത്തിയത്.
ആക്രമിക്കപ്പെട്ട സൽമാൻ റഷ്ദിയെ പിന്തുണച്ചതിന് പിന്നാലെയാണ് ജെ.കെ റൗളിങ്ങിന് നേരെ വധഭീഷണി ഉണ്ടായത്. സൽമാൻ റഷ്ദിക്ക് കുത്തേറ്റതിനെ തുടർന്ന് ‘ഈ വാർത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാൻ അസ്വസ്ഥയാണ്, അദ്ദേഹം സുഖം പ്രാപിക്കട്ടെ’ എന്ന് ജെ.കെ റൗളിങ്ങ് ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെ ‘ ഭയപ്പെടേണ്ട, അടുത്തത് നിങ്ങളാണ്’ എന്ന ഭീഷണി സന്ദേശം പാകിസ്താനിൽ നിന്നുള്ള മീർ ആസിഫ് അസിസ് എന്ന ഭീകരൻ ഉയർത്തുകയായിരുന്നു.
ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖൊമേനിയെ പിന്തുണച്ചുള്ള നിരവധി കമൻറുകളും ഇയാൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ഇസ്രായേൽ, ഇന്ത്യ, യുക്രെയ്ൻ എന്നീ രാജ്യങ്ങളെ ഭീകരരാഷ്‌ട്രങ്ങളായി ചിത്രീകരിക്കുന്ന തരത്തിലുള്ള സൃഷ്ടികൾ ഇയാൾ നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജെ.കെ റൗളിങ്ങിനെ ഭീഷണിപ്പെടുത്തിയതിനൊപ്പം സൽമാൻ റഷ്ദിയെ ആക്രമിച്ച ഹാദി മേതറിനെ ഷിയ വിപ്ലവ പോരാളി എന്നും ഇയാൾ വിശേഷിപ്പിച്ചിട്ടുണ്ട്.