ഇന്ത്യക്കാരുമായി പറന്ന ചാർട്ടേഡ് വിമാനം യാത്രാമദ്ധ്യേ കറാച്ചിയിലിറങ്ങി, അൽപസമയത്തിനകം വീണ്ടും പറന്നുയർന്നു
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും പന്ത്രണ്ട് യാത്രക്കാരുമായി യാത്ര തിരിച്ച വിമാനം കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി.
ഹൈദരാബാദിൽ നിന്ന് യാത്ര തിരിച്ച ചാർട്ടേഡ് വിമാനം പാകിസ്ഥാനിൽ ഇറങ്ങിയെന്ന് പാക് മാദ്ധ്യമമായ ജിയോ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ഈ സംഭവം സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് വിമാനം പാകിസ്ഥാനിൽ ഇറങ്ങിയത്. അൽപ സമയത്തിന് ശേഷം വിമാനം പറന്നുയരുകയും ചെയ്തു.
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട പ്രത്യേക വിമാനം പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് കറാച്ചി വിമാനത്താവളത്തിൽ ഇറങ്ങിയത്. അന്താരാഷ്ട്ര ചാർട്ടർ വിമാനം ഇന്ത്യയിൽ നിന്നാണ് പറന്നുയർന്നതെന്നും, ഇതല്ലാതെ രാജ്യവുമായി ഈ സർവീസിന് ബന്ധമൊന്നും ഇല്ലെന്നാണ്
സിവിൽ ഏവിയേഷൻ അതോറിറ്റി വെളിപ്പെടുത്തിയത്. എന്നാൽ എന്തുകൊണ്ടാണ് വിമാനം കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സാങ്കേതിക തകരാർ മൂലം കഴിഞ്ഞ മാസം ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ കറാച്ചിയിൽ ഇറക്കിയിരുന്നു.
സ്‌പൈസ് ജെറ്റിന്റെ ഡൽഹി ദുബായ് വിമാനം ജൂലായ് അഞ്ചിന് കറാച്ചിയിൽ അടിയന്തര ലാന്റിംഗ് നടത്തി.എൻജിനുകളിൽ ഒന്നിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതലെന്ന നിലയിൽ ജൂലായ് 17ന് ഇൻഡിഗോയുടെ ഷാർജ ഹൈദരാബാദ് വിമാനവും കറാച്ചിയിൽ ഇറങ്ങിയിരുന്നു.