മോസ്കോ: പത്ത് കുട്ടികളെ പ്രസവിച്ചാൽ പന്ത്രണ്ട് ലക്ഷം രൂപ കൈയിൽ കിട്ടും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനാണ് രാജ്യത്തെ സ്ത്രീകൾക്ക് ഇത്തരത്തിലൊരു വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്ത് ജനസംഖ്യ വൻതോതിൽ കുറഞ്ഞുവരുന്നത് തടയാനാണ് സോവിയറ്റ് കാലത്ത് നൽകിയിരുന്ന ഓഫർ വീണ്ടും നൽകാൻ പുട്ടിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തേ തന്നെ ജനസംഖ്യ കുറവായിരുന്ന റഷ്യയെ കൊവിഡ് മഹാമാരിയും യുക്രെയിൻ യുദ്ധവും കൂടുതൽ കുഴപ്പത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഇങ്ങനെ പോവുകയാണെങ്കിൽ ആവശ്യമായ പട്ടാളക്കാരെ നിയമിക്കാൻപോലും രാജ്യം കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. കൊവിഡ് മഹാമാരിയിൽ എത്രപേർ മരിച്ചുവെന്ന് വ്യക്തമല്ലെങ്കിലും യുക്രെയിൻ യുദ്ധത്തിൽ അമ്പതിനായിരത്തിനടുത്ത് സൈനികർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പത്ത് കുട്ടികളെ ജനിപ്പിക്കാം എന്നുപറഞ്ഞ് എത്തുന്നവർക്കൊക്കെ പണം കിട്ടുമെന്ന് കരുതിയെങ്കിൽ തെറ്റി. ഒമ്പത് കുട്ടികൾ പ്രശ്നമൊന്നുമില്ലാതെ ജീവിച്ചിരിക്കുന്നു എന്ന് തെളിവ് നൽകുന്നവർക്ക് പത്താമത്തെ കുട്ടിയുടെ ഒന്നാമത്തെ ജന്മദിനത്തിലാണ് പണം നൽകുക. ഇത്തരക്കാർക്ക് അപ്പോൾത്തന്നെ പണം നൽകാനാണ് തീരുമാനം. എന്നാൽ പുട്ടിന്റെ തീരുമാനത്തെ ആന മണ്ടത്തരം എന്നാണ് ജനസംഖ്യാ വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. പത്ത്കുട്ടികളെ വളർത്താൻ പന്ത്രണ്ട് ലക്ഷം രൂപ മതിയാവില്ല എന്നതുതന്നെ പ്രധാന കാരണം. കൂടുതൽ കുട്ടികളെ വളർത്തേണ്ടിവരുന്നതോടെ ജനങ്ങൾ കൂടുതൽ കടക്കെണിയിലാവുമെന്നും അത് ഇപ്പോഴുള്ളതിനെക്കാൾ വലിയ മറ്റ് പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും അവർ പറയുന്നു.
സോവിയറ്റ് കാലത്ത് ഒരുകുടുംബത്തിന് ജീവിക്കാൻ വേണ്ടതെല്ലാം ഭരണകൂടം തന്നെ നൽകുമായിരുന്നു. എന്നാൽ സോവിയറ്റ് യൂണിയൻ തകർന്ന് തരിപ്പണമായതോടെ ഇതെല്ലാം സുന്ദരമായ ഓർമ്മകൾ മാത്രമായി. കമ്യൂണിസ്റ്റ് ഭരണം തകർന്നതിനുശേഷം ജീവിക്കാൻവേണ്ടി റഷ്യൻ സ്ത്രീകളും മറ്റുരാജ്യങ്ങളിൽ ശരീരം വിൽക്കാൻ തയ്യാറാകുന്ന അവസ്ഥപോലുമുണ്ടായിരുന്നു. ഇപ്പോൾ ആ അവസ്ഥയ്ക്ക് കുറേയേറെ മാറ്റങ്ങൾ ഉണ്ടായെങ്കിലും യുക്രെയിൻ യുദ്ധവും തുടർന്ന് ഏർപ്പെടുത്തിയ ഉപരോധവും സ്ഥിതിഗതികൾ രൂക്ഷമാക്കിയിട്ടുണ്ട്. ജനസംഖ്യ വർദ്ധിപ്പിക്കേണ്ടത് റഷ്യക്ക് ആവശ്യമാണെങ്കിലും അതിന് ജനങ്ങൾക്ക് ഭാരമാകാതെയുള്ള മറ്റ് വഴികൾ കണ്ടെത്തണമെന്നുമാണ് വിദഗ്ദ്ധർ പറയുന്നത്.