ലോകത്തിലെ മലിനീകരണം കൂടിയ നഗരം ഡൽഹി, രണ്ടാമത് കൊൽക്കത്ത

Advertisement

മുംബൈ: ലോകത്തിലെ ഏറ്റവും മലിനീകരണം കൂടിയ നഗരങ്ങളിൽ ഡൽഹി വീണ്ടും ഒന്നാംസ്ഥാനത്ത്. സ്റ്റേറ്റ് ഓഫ് ഗ്ലോബൽ എയറിൻറെ ‘എയർ പൊല്യൂഷൻ ആൻഡ് ഹെൽത്ത് ഇൻ സിറ്റീസ്’ എന്ന പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ഇന്ത്യയിൽ നിന്ന് മൂന്ന് നഗരങ്ങളാണ് ലോകത്തെ മലിനീകരണം കൂടിയ നഗരങ്ങളുടെ പട്ടികയിൽ ആദ്യത്തെ ഇരുപതിൽ ഉൾപ്പെട്ടിട്ടുള്ളത്. പട്ടികയിൽ രണ്ടാം സ്ഥാനം കൊൽക്കത്തക്കാണ്. മുംബൈ14ാം സ്ഥാനത്താണ്.

നൈജീരിയയിലെ കാനോ നഗരം മൂന്നാം സ്ഥാനവും പെറുവിലെ ലിമ നഗരം നാലാം സ്ഥാനത്തുമാണ്. ബംഗ്ലാദേശിലെ ധാക്കയും ഇന്തോനേഷ്യയിലെ ജക്കാർത്തയുമാണ് അഞ്ചും ആറും സ്ഥാനത്ത്. ഇന്ത്യയെ കൂടാതെ ചൈനയിലെ മൂന്ന് നഗരങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബീജിംങ്, ഷാങ്ഹായ്, ചെങ്‌ഡു എന്നീ നഗരങ്ങളാണ് പട്ടികയിലുള്ളത്.

ആകെ ലോകത്തിലെ 7,000 നഗരങ്ങളെയാണ് പഠനത്തിന് വിധേയമാക്കിയത്. അവയിൽ 103 നഗരങ്ങളെയാണ് റാങ്കിങിനായ് പരിഗണിച്ചത്. പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ച ആരോഗ്യപ്രശ്നങ്ങൾ കാരണം ലോകത്ത് നിരവധിപേർ മരിക്കുന്നുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നൈട്രജൻ ഡൈഓക്സൈഡ് പുറന്തള്ളുന്ന നഗരങ്ങളിൽ ബീജിങ് ആണ് മുന്നിൽ. ലോകത്തെ ആണവോർജ നിലയങ്ങളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുകയാണ് പ്രധാനമായും വായുമലിനീകരണത്തിന് കാരണമാകുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

Advertisement