ബെയ്‌റൂത്ത്: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച ശേഷം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. വടക്കന്‍ ലബനോനിലാണ് സംഭവം. ഗര്‍ഭിണിയായ ലബനീസ് യുവതിയെ ഭര്‍ത്താവ് തീ കൊളുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
21കാരിയായ ഹന മുഹമ്മദ് ഖോദുര്‍ ആണ് ബുധനാഴ്ച മരിച്ചത്. ട്രിപ്പൊലിയിലെ അല്‍ സലാം ആശുപത്രിയില്‍ പരിക്കുകളോട് പൊരുതി 11 ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്. ശസ്ത്രക്രിയ വഴി പുറത്തെടുക്കുന്നതിന് മുമ്പ് യുവതിയുടെ വയറ്റില്‍ വെച്ച് തന്നെ ഗര്‍ഭസ്ഥശിശു മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
യുവതിയും ഭര്‍ത്താവും തമ്മില്‍ ഗര്‍ഭത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നു. മോശം സാമ്പത്തിക സ്ഥിതിയിലും സാമ്പത്തിക പ്രതിസന്ധിയുമുള്ള ഒരു രാജ്യത്ത് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്നും ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഇതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവ് യുവതിക്ക് നേരെ തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രാജ്യം വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായത്.