ന്യൂഡൽഹി: അതിർത്തിയിൽ ചൈനയുടെ ചെയ്തികൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു.
ബന്ധം സാധാരണ നിലയിലാക്കുന്നതിന് ചൈനയുടെ നടപടികൾ തടസമാകുന്നു. അതേസമയം, ചൈനയും ഇന്ത്യയും ഒന്നിക്കുമ്പോൾ ഈ നൂറ്റാണ്ട് ഏഷ്യക്കാരുടേതാകുമെന്നും എന്നാൽ ഈ രണ്ട് രാജ്യങ്ങൾക്കും ഒരുമിച്ച് വരാൻ കഴിയുന്നില്ലെങ്കിൽ ഏഷ്യക്കാരുടെ നൂറ്റാണ്ട് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കോക്കിലെ ഏറ്റവും പ്രശസ്‌തമായ ചുലലോങ്കാർൺ സർവകലാശാലയിൽ ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രസംഗത്തിന് ശേഷം വിദ്യാർഥികളുടെയും വിദഗ്ധരുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ജയശങ്കർ. ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരുമിച്ച് പ്രവർത്തിക്കാൻ നിരവധി മേഖലകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശ്രീലങ്ക മാത്രമല്ല, ഇതിന് ചൈനയുടെ മനസ് മാറേണ്ടിവരും. ചൈനീസ് പക്ഷം വിവേകത്തോടെ പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മെയ് മാസത്തിൽ ഇന്ത്യയുടെ കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിൽ ചൈനീസ് സൈനികരുടെ നുഴഞ്ഞുകയറ്റത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം വഷളായത്. വിദേശകാര്യ മന്ത്രിമാരുടെ തലത്തിൽ നിരവധി ചർച്ചകൾ നടന്നിട്ടും ചൈന ഇതുവരെ സൈന്യത്തെ പൂർണമായി നീക്കം ചെയ്തിട്ടില്ല. 2022 സെപ്റ്റംബറിൽ ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അറിയുന്നത്.
ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു. ഈ വർഷം മാത്രം ഇന്ത്യ ശ്രീലങ്കയ്ക്ക് 380 കോടി ഡോളറിന്റെ സഹായം നൽകിയിട്ടുണ്ട്. ഐഎംഎഫിൽ ശ്രീലങ്കയ്ക്ക് നൽകാൻ കഴിയുന്ന ഏത് സഹായവും ഞങ്ങൾ സ്വാഭാവികമായും ചെയ്യും. റോഹിങ്ക്യൻ അഭയാർത്ഥികളുടെ വിഷയത്തിൽ ബംഗ്ലാദേശുമായി വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.