പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്നഅമ്മമാര്‍ക്ക് ‘മദര്‍ ഹീറോയിന്‍’ പദവി നല്‍കാനൊരുങ്ങി പുടിന്‍

Advertisement

മോസ്‌കോ: റഷ്യയില്‍ പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് സോവിയറ്റ് കാലഘട്ടത്തിലെ സ്ഥാനപ്പേരിന് സമാനമായ ‘മദര്‍ ഹീറോയിന്‍’ പദവി നല്‍കാനൊരുങ്ങി പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍ ജനസംഖ്യാ പ്രശ്‌നം മറികടക്കാനാണ് മദര്‍ ഹീറോ പദ്ധതി വീണ്ടും നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 16 നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ സോവിയറ്റ് കാലഘട്ടത്തിലെ ‘മദര്‍ ഹീറോയിന്‍’ അവാര്‍ഡ് പുനരുജ്ജീവിപ്പിച്ചത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ ജനസംഖ്യാ കുറവ് നികത്താനായിട്ടാണ് 1944-ല്‍ സ്ത്രീകള്‍ക്ക് ഓണററി പദവി ആദ്യമായി പ്രഖ്യാപിച്ചത്. 1991-ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം ഈ പദവി നല്‍കുന്നത് നിര്‍ത്തി.
മദര്‍ ഹീറോയിന്‍ പദ്ധതി പ്രകാരം, ജീവിച്ചിരിക്കുന്ന 10-ാമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോള്‍, യോഗ്യതയുള്ള അമ്മമാര്‍ക്ക് 10 ലക്ഷം റൂബിള്‍സ് (ഏകദേശം 13,12,000 ലക്ഷം രൂപ) സമ്മാനമായി നല്‍കും. യുദ്ധത്തിലോ തീവ്രവാദ വിരുദ്ധ നീക്കത്തിലോ അടിയന്തര സാഹചര്യത്തിലോ തങ്ങളുടെ മക്കളില്‍ ആരെയെങ്കിലും നഷ്ടപ്പെട്ടാലും അമ്മയ്ക്ക് മദര്‍ ഹീറോ യോഗ്യതയുണ്ടാകും. ഹീറോ ഓഫ് റഷ്യ, ഹീറോ ഓഫ് ലേബര്‍ തുടങ്ങിയ ഉയര്‍ന്ന റാങ്കിംഗ് സ്റ്റേറ്റ് ഓര്‍ഡറുകളുടെ അതേ പദവിയുള്ളതാണ് മദര്‍ ഹീറോയിന്‍ ടൈറ്റില്‍ പരിഗണിക്കുന്നത്. നിലവില്‍ യുക്രൈന്‍ യുദ്ധത്തില്‍ ആദ്യ ആഴ്ച യുക്രൈന്‍ പിടികൂടിയ റഷ്യന്‍ സൈനികരുടെ പ്രായം 17നും 20നും ഇടയിലാണ്.