വാഷിംഗ്‌ടൺ: ദീർഘകാലമായി കേരള അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ വാഷിംഗ്‌ടൺ പ്രവർത്തകനും നേതാവുമായ ബിന്നി ചെറിയാൻ അമേരിക്കൻ പ്രസിഡന്റിന്റെ 2022 ലെ ഗോൾഡ് വോളന്റിയർ സർവീസ് അവാർഡ് നേടി.
സന്നദ്ധ സേവനത്തിലൂടെ സമൂഹത്തെയും രാഷ്ട്രത്തെയും ശക്തിപ്പെടുത്തുന്നവരെ അംഗീകരിക്കുന്നതാണ് ഈ അന്തസേറിയ പുരസ്‌കാരം.
ചെറിയാൻ ജനനന്മയ്ക്കു വേണ്ടി സമർപ്പിച്ച 2378 മണിക്കൂർ സാമൂഹ്യ പ്രവർത്തനം കണക്കിലെടുത്താണ് ബഹുമതി നൽകിയത്. കൂടുതൽ മികച്ച ദേശീയ ഐക്യം സാധ്യമാക്കാൻ ഉപകരിക്കുന്ന പ്രവർത്തനത്തെ ശ്ലാഘിച്ചു പ്രസിഡന്റ് കത്തിൽ ഇങ്ങിനെ കുറിച്ചു: “നമ്മൾ നേരിടുന്ന വെല്ലുവിളികൾക്കു പരിഹാരം കണ്ടെത്താനുള്ള പരിശ്രമമാണ് അങ്ങയുടെ സമയവും താല്പര്യവും പങ്കു വച്ച് അങ്ങു നടത്തുന്നത്. മുൻപെന്നത്തേയും അപേക്ഷിച്ചു ഇപ്പോൾ അത്തരം പരിഹാരങ്ങൾ നമുക്ക് ആവശ്യമാണ്.”
അമേരിക്കൻ ജനതയുടെ പേരിൽ പ്രസിഡന്റ് ബിന്നി ചെറിയാന്റെ പ്രവർത്തനങ്ങളോടുള്ള മതിപ്പു രേഖപ്പെടുത്തി. കെ എ ജി ഡബ്ലിയു ഉൾപ്പെടെ വാഷിംഗ്‌ടൺ ഡി സി മേഖലയിലെ എല്ലാ മലയാളി സംഘടനകളും ചെറിയാന്റെ നേട്ടത്തിൽ ആഹ്‌ളാദം പ്രകടിപ്പിച്ചു. മെരിലാന്റിലെ ബെത്സെദയിൽ വാൾതെർ ജോൺസൺ ഹൈ സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ കെ എ ജി ഡബ്ലിയു പ്രസിഡന്റ് ഡോക്ടർ മധു നായർ ചെറിയാനെ അനുമോദിക്കുകയും അദ്ദേഹത്തിന്റെ നിസ്വാർഥ സേവനത്തിനു നന്ദി പറയുകയും ചെയ്തു. മറ്റുള്ളവരുടെ ഉന്നമനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ചൂണ്ടിക്കാട്ടി, ചെറിയാൻ യുവ തലമുറയ്ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സന്നദ്ധ പ്രവർത്തനങ്ങൾ ചെറിയാൻ വിശിദീകരിച്ചു. യുവതലമുറയോട് അന്യരുടെ ജീവിതം കൂടി കണക്കിലെടുത്തു മാതൃക കട്ടൻ അദ്ദേഹം ആഹ്വാനം ചെയ്തു.