മെക്സിക്കോ സിറ്റി: ഡോക്ടർമാർ അബദ്ധത്തിൽ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നുവയസുകാരി സംസ്കാര ചടങ്ങുകൾക്കിടെ ജീവനോടെ എഴുന്നേറ്റു.
മണിക്കൂറുകൾക്കകം മരിക്കുകയും ചെയ്തു. മെക്സിക്കോയിലെ വില്ല ഡി റാമോസിൽ ആഗസ്റ്റ് 17നാണ് സംഭവം. സംഭവത്തിൽ പ്രാദേശിക ആശുപത്രി അധികൃതരുടെ ഭാഗത്ത് ഗുരുതരവീഴ്ചയാണ് ഉണ്ടായതെന്ന് പെൺകുട്ടിയുടെ മാതാവ് മേരി ജെയ്ൻ മെൻഡോസ ആരോപിച്ചു.
വയറു വേദന,പനി, ഛർദി എന്നിവയെ തുടർന്നാണ് കുടുംബം കാമില റൊക്സാന മാർട്ടിനെസ് മെൻഡോസയെ വില്ല ഡി റാമോസിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
കുറച്ചു കൂടി സൗകര്യമുള്ള വലിയ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നല്ലതെന്നാണ് കുട്ടിയെ പരിശോധിച്ച പീഡിയാട്രീഷൻ പറഞ്ഞത്. കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പ് പാരസിറ്റമോളും ഡോക്ടർ കുറിച്ചു നൽകി. കാമിലയുടെ ആരോഗ്യനില അനുനിമിഷം വഷളായിക്കൊണ്ടിരുന്നു. മറ്റൊരു ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹം വേറൊരു മരുന്നാണ് കുറിച്ചു നൽകിയത്. നന്നായി വെള്ളവും പഴങ്ങളും കുട്ടിക്ക് നൽകണമെന്നും പറഞ്ഞു. എന്നിട്ടും കാമിലയുടെ ആരോഗ്യനിലയിൽ മാറ്റമൊന്നും കണ്ടില്ല. തുടർന്ന് അതേ ആശുപത്രിയിലെ എമർജി വാർഡിലേക്ക് കുട്ടിയെ കൊണ്ടുപോയി.
ആശുപത്രി അധികൃതർ ഏറെ നേരമെടുത്ത് കുട്ടിക്ക് ഓക്സിജൻ നൽകാൻ ശ്രമിച്ചു. 10 മിനിറ്റ് കഴിഞ്ഞ് കുട്ടിയുടെ ആന്തരിക വിസർജ്യങ്ങൾ പരിശോധിച്ച ശേഷം ഡോക്ടർ ഓക്സിജൻ മാസ്ക് മാറ്റി. തുടർന്ന് മകൾ മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. നിർജലീകരണമാണ് കുട്ടിയുടെ മരണകാരണമെന്നും ഡോക്ടർമാർ വിധിയെഴുതി. പിറ്റേ ദിവസം കുട്ടിയെ അടക്കം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി.
അപ്പോഴാണ് കുട്ടിയെ കിടത്തിയ ഗ്ലാസ് പാനലിനു മുകളിൽ നീരാവി വരുന്നത് അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ മിഥ്യാധാരണയാണെന്നും കുഞ്ഞ് മരിച്ചത് ഉൾക്കൊള്ളാനായിട്ടില്ലെന്നും പറഞ്ഞ് ചുറ്റും കൂടിയവർ അമ്മയെ കണക്കിലെടുത്തില്ല. എന്നാൽ കാമില കണ്ണുകൾ മിഴിക്കുന്നത് മുത്തശ്ശി കാണാനിടയായി.
ഞെട്ടലോടെ പെട്ടി തുറന്നു നോക്കിയപ്പോൾ പൾസ് റേറ്റും കണ്ടു. കാമിലയെ ഉടൻ തന്നെ വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവളെ രക്ഷപ്പെടുത്താൻ ഡോക്ടർമാർക്ക് സാധിച്ചില്ല. അവൾ വീണ്ടും മരിച്ചതായി അവർ പറഞ്ഞു. ഇത്തവണ സെറിബ്രൽ എഡിമയാണ് മരണകാരണമായി പറഞ്ഞത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകാനുള്ള ഒരുക്കത്തിലാണ് കാമിലയുടെ അമ്മ.