ബെർലിൻ: ഇന്ധന വിലവർധനമൂലം ലോകം കഷ്ടപ്പെടുന്പോൾ റഷ്യ വൻതോതിൽ പ്രകൃതിവാതകം കത്തിച്ചുകളയുന്നതായി കണ്ടെത്തി.
ഫിൻലാൻഡ് അതിർത്തിയോടു ചേർന്ന പോർട്ടോവയായിലെ പുതിയ പ്രകൃതിവാതക പ്ലാൻറിൽ പ്രതിദിനം ഒരു കോടി ഡോളർ വിലവരുന്ന 43.4 ഘനമീറ്റർ പ്രകൃതിവാതകമാണു കത്തിച്ചുകളയുന്നത്.
പാശ്ചാത്യ ഉപരോധം മൂലമുള്ള സാങ്കേതികപ്രശ്നങ്ങളാകാം റഷ്യയെ ഇതിനു പ്രേരിപ്പിക്കുന്നതെന്നു ചില വിദഗ്ധർ അഭിപ്രായപ്പെട്ടു. അതേസമയം മറ്റെങ്ങും വിൽക്കാൻ പറ്റാത്തതുകൊണ്ടാണിതെന്നു ജർമൻവൃത്തങ്ങൾ സൂചിപ്പിച്ചു.
ജൂൺ ആദ്യം ഫിന്നിഷ് പൗരന്മാരാണ് പ്ലാൻറിൽനിന്നുള്ള തീയും പുകയും കണ്ടെത്തിയത്. ഉപഗ്രഹദൃശ്യങ്ങളിലും ഇവ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
റഷ്യ ജർമനിക്കു പ്രകൃതിവാതകം നല്കുന്ന ഒന്നാം നോർഡ് സ്ട്രീം പൈപ്പ് ലൈൻ പദ്ധതിയിലെ കംപ്രസർ സ്റ്റേഷനു സമീപമാണ് ഈ പ്ലാൻറ്. ജർമനിക്കു നല്കാനുള്ള വാതകമാണു റഷ്യ കത്തിച്ചുകളയുന്നതെന്നാണു ജർമൻവൃത്തങ്ങൾ പറഞ്ഞത്. അടുത്തകാലത്ത് റഷ്യ ജർമനിക്കുള്ള പ്രകൃതിവാതകത്തിൽ കുറവു വരുത്തിയിരുന്നു.
എന്നാൽ ഉപരോധംമൂലം പൈപ്പ്ലൈൻ പദ്ധതിയിലെ പ്രധാന ഘടകങ്ങൾ ലഭ്യമാകാത്തതോ അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തതോ ആകാം റഷ്യയെ വാതകം കത്തിച്ചുകളയാൻ പ്രേരിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പ്ലാൻറിൽനിന്ന് ഉയരുന്ന വൻതോതിലുള്ള കാർബൺ മാലിന്യങ്ങൾ വലിയ പരിസ്ഥിതിനാശം വരുത്തുമെന്ന ആശങ്ക ശക്തമാണ്. ചൂടു വർധിക്കുന്നതു മൂലം ഉത്തരധ്രുവപ്രദേശത്തെ മഞ്ഞുപാളികൾ ഉരുകാനും സാധ്യതയുണ്ട്.