സാമ്പത്തികമായി തകർന്നടിയുന്ന പാകിസ്ഥാനിൽ വമ്പൻ നിക്ഷേപത്തിനായി നാല് രാജ്യങ്ങൾ, ലക്ഷ്യം ചില അക്ഷയപാത്രങ്ങൾ

Advertisement

ലാഹോർ: ഓരോ ദിവസം കഴിയുന്തോറും സാമ്പത്തികായി തകർന്നുകൊണ്ടിരിക്കുകയാണ് പാകിസ്ഥാൻ. ലോകരാഷ്‌ട്രങ്ങൾക്ക് കോടാനുകോടികളാണ് പാകിസ്ഥാന്റെ കടം.

രാജ്യത്തിന്റെ വിദേശകരുതൽ ശേഖരം 780 കോടി മാത്രമായി ചുരുങ്ങിക്കഴിഞ്ഞു. അവസ്ഥ ഇതൊക്കെയാണെങ്കിലും ചില രാജ്യങ്ങൾ പാക് മണ്ണിനെ വല്ലാതങ്ങ് ഇഷ്‌ടപ്പെടുകയാണ്. വമ്പൻ നിക്ഷേപത്തിനാണ് മൂന്ന് രാജ്യങ്ങൾ തയ്യാറെടുക്കുന്നത്. ഖത്തർ, യുഎഇ, സൗദി അറേബ്യ എന്നീ ഗൾഫ് രജ്യങ്ങളാണ് പാകിസ്ഥാനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നത്.

മൂന്നൂറ് കോടി ഡോളറിന്റെ നിക്ഷേപം പാകിസ്ഥാനിൽ നടത്താൻ പോവുകയാണെന്ന് അടുത്തിടെയാണ് ഖത്തർ ഇൻവസ്‌റ്റ്‌മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. പാകിസ്ഥാന്റെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ദോഹ സന്ദർശനത്തിന് പിന്നാലെയായിരുന്നു ഖത്തറിന്റെ പ്രതികരണം. പാകിസ്ഥാനിൽ ചില പ്രത്യേക നിക്ഷേപങ്ങൾ നടത്തുന്നതിന് ഖത്തർ അമീർ ഷേയ്‌ഖ് തമീം ബിൻ ഹമാദ് അൽ താനിക്ക് താൽപര്യമുണ്ടെന്നാണ് അൽ ജസീറ പോലുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖത്തർ പൗരന്മാർക്ക് പാകിസ്ഥാനിൽ വസ്‌തുവകകൾ വാങ്ങുന്നതിനും വ്യവസായങ്ങൾ ആരംഭിക്കുന്നതിനും എല്ലാ സഹായങ്ങളും ഒരുക്കുമെന്നാണ് പാക് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

പാകിസ്ഥാനിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്ന മറ്റൊരു രാജ്യം യുഎഇ ആണ്. നൂറ് കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് യുഎഇ തയ്യാറെടുക്കുന്നത്. വാതകം, ഊർജം, ആരോഗ്യം എന്നീ മേഖലകളിലാണ് എമിറേറ്റ്‌സ് നോട്ടമിട്ടിരിക്കുന്നത്.

സൗദി അറേബ്യയും ഒരു ബില്യൺ ഡോളറിന്റെ വികസന പ്രവർത്തനങ്ങൾ പാകിസ്ഥാനിൽ നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. സൗദി-പാക് വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള ചർച്ച ഇക്കാര്യത്തിൽ നടന്നുകഴിഞ്ഞുവെന്നാണ് ലഭിക്കുന്ന വിവരം. ഇരു രാജ്യങ്ങൾക്കും ഒരുപോലെ താൽപര്യമുള്ള ഒട്ടേറെ കാര്യങ്ങളിൽ പരസ്‌പര സഹകരണത്തോടെ മുന്നോട്ടുപോകാനാണ് തീരുമാനം.

പതിവിന് വിപരീതമായി പാകിസ്ഥാനോടും പ്രവർത്തിക്കാതിരിക്കാൻ ചൈനക്ക് കഴിഞ്ഞില്ല. വാരിക്കുഴി ഒരുക്കി വീഴ്‌ത്തുന്ന ചൈനീസ് തന്ത്രത്തിൽ പാകിസ്ഥാൻ ചെന്നുവീഴുകയായിരുന്നു. ഊറ്റാൻ ഇനി അധികം ബാക്കിയില്ലെന്ന് മനസിലാക്കിയ ചൈന തങ്ങളുടെ പാക് നിക്ഷേപം ഈ വർഷം 56 ശതമാനമാണ് കുറച്ചത്.

Advertisement