30,000 അടി ഉയരത്തിൽ പറക്കവെ പൈലറ്റ് ബോധരഹിതനായി; ജെറ്റ് 2 വിമാനം അടിയന്തര ലാൻറിങ്ങ് നടത്തി

Advertisement

ലണ്ടൻ: ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ നിന്ന് പുറപ്പെട്ട ജെറ്റ് 2 വിമാനം 30,000 അടി ഉയരത്തിലെത്തിയപ്പോൾ പൈലറ്റ് ബോധരഹിതനായി.

ബർമിംഗ്ഹാമിൽ നിന്ന് തുർക്കിയിലെ അൻറാലിയയിലേക്ക് പോവുകയായിരുന്നു വിമാനം. സംഭവം അറിഞ്ഞതോടെ വിമാനയാത്രക്കാർ പരിഭ്രാന്തരായി. വിമാനത്തിൻറെ മുൻഭാഗത്ത് നിന്നും ബഹളം കേട്ടപ്പോഴാണ് യാത്രക്കാർക്ക് സംശയം തോന്നിയത്. തുടർന്ന് വിമാനം അടിയന്തര ലാൻറിങ്ങ് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പട്ടു. ഇതോടെ സഹ പൈലൻറ് അടിയന്തര ലാൻറിങ്ങ് നടത്തുകയായിരുന്നു. ഗ്രീസിലെ തെസ്സലോനിക്കി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം വിമാനം റൺവേയിൽ തങ്ങി.

പൈലറ്റ് ബോധരഹിതനായതിനാലാണ് വിമാനം അടിയന്തര ലാൻറിങ്ങ് നടത്തിയതെന്ന് യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്ന് ഒരു യാത്രക്കാരൻ പറഞ്ഞു. ഒരു ‘മുൻകരുതൽ നടപടി’ എന്ന നിലയിലാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ജെറ്റ്2 വക്താവ് പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം സമയം റൺവെയിൽ വിമാനം തങ്ങി. അതിന് ശേഷമാണ് ആംബുലൻസ് വന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്രയും നേരം തങ്ങളെ പുറത്ത് വിടാതെ വിമാനത്തിൽ തന്നെ ഇരുത്തിയെന്നും യാത്രക്കാർ പരാതിപ്പെട്ടു.

വിമാനം മെഡിക്കൽ എമർജൻസി ലാൻറിങ്ങ് നടത്തിയതിനാൽ യാത്രക്കാർക്കുണ്ടായ സമയ നഷ്ടത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാർക്ക് അടിസ്ഥാന ഭക്ഷണം അടങ്ങിയ 15 യൂറോ വൗച്ചർ നൽകിയതായും കമ്പനി വക്താവ് അറിയിച്ചു. ഏറെ വൈകാതെ തന്നെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചതായും കമ്പനി വക്താവ് അറിയിച്ചു.