ന്യൂയോർക്ക്: ശതകോടീശ്വരനായ മകനെ കാണാൻ അമേരിക്കയിലെ ടെക്സാസിലെത്തിയപ്പോൾ ഗാരേജിൽ കിടന്നുറങ്ങേണ്ടി വന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ് ഒരമ്മ.
മറ്റാരുമല്ല അത്, ശതകോടീശ്വരനും ടെസ്ല സഹസ്ഥാപകനുമായ ഇലോൺ മസ്കിന്റെ അമ്മ മായെ മസ്ക് ആണത്. സൺഡെ ടൈംസിനു നൽകിയ അഭിമുഖത്തിലാണ് 74കാരിയായ ഈയമ്മ ഇക്കാര്യം വെളിപ്പെടുത്തിയത്.
മോഡലും ആക്ടിവിസ്റ്റുമൊക്കെയാണ് മായെ. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ എന്ന പദവിയിലിരിക്കുന്നുണ്ടെങ്കിലും ആ സ്വത്തുക്കൾ കൈവശം വെക്കുന്നതിൽ മസ്ക്കിന് വലിയ താൽപര്യമൊന്നുമില്ലെന്നും അമ്മ വെളിപ്പെടുത്തി. അതിനാൽ ടെക്സാസിൽ മകനെ കാണാൻ ചെല്ലുമ്പോഴൊക്കെ ഗാരേജിലാണ് താൻ അന്തിയുറങ്ങുന്നതെന്നും അവർ പറഞ്ഞു. സ്പേസ് എക്സിന്റെ ആസ്ഥാനവും ടെക്സാസിലാണ്. റോക്കറ്റ് സൈറ്റിന്റെ അടുത്ത് നിങ്ങൾക്ക് മായിക വീടൊന്നും ഉണ്ടാക്കാൻ സാധിക്കില്ല-മായെ പറഞ്ഞു.
നേരത്തേ തനിക്ക് സ്വന്തമായി വീടില്ലെന്നും സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങളിലാണ് കഴിയുന്നതെന്നും മസ്ക് വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ തെൻറ സ്വത്തുവകകൾ വിൽക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയുണ്ടായി മസ്ക്. സ്പേസ് എക്സ് ആണ് തെൻറ പ്രാഥമിക വസതിയെന്നും പറഞ്ഞിരുന്നു.
എന്നാൽ മകനെ പോലെ ചൊവ്വയിൽ പരീക്ഷണങ്ങൾ നടത്താൻ തനിക്ക് താൽപര്യമില്ലെന്നും മായെ വ്യക്തമാക്കി. ആറുമാസം അതിനായി ഒരുക്കങ്ങൾ നടത്തണം. ആറു മാസം ഒറ്റപ്പെട്ടു ജീവിക്കണം…അതിനു തന്നെ കിട്ടില്ല. എന്നാൽ കുട്ടികൾക്ക് താൽപര്യം അതാണെങ്കിൽ ഒരു കൈ നോക്കാനും മടിയില്ലെന്നും അവർ പറഞ്ഞു. ഇലോൺ മസ്ക്കിനെ കൂടാതെ മായെക്ക് രണ്ട് മക്കൾ കൂടിയുണ്ട്; കിമ്പൽ, ടോസ്കോ…എറോൾ മസ്ക് ആയിരുന്നു ഇവരുടെ ഭർത്താവ്. വിവാഹ മോചിതയാണ്. വിവാഹബന്ധം അവസാനിപ്പിച്ചപ്പോൾ കുട്ടികളെ എങ്ങനെ വളർത്തുമെന്നതിൽ അതിയായ ആശങ്കയുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.