യുക്രൈൻ വിട്ട് റഷ്യയിലെത്തുന്നവർക്ക് വമ്പൻ ഓഫറുമായി റഷ്യ

Advertisement

മോസ്കോ: യുക്രൈൻ വിട്ട് റഷ്യയിലേക്ക് വരുന്നവർക്ക് വൻ സാമ്പത്തിക ആനുകൂല്യ ഓഫറുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ.

ഗർഭിണികൾ, ഭിന്നശേഷിയുള്ളവർ എന്നിവരുൾപ്പെടെ യുക്രൈനിൽ നിന്ന് റഷ്യയിലേക്ക് വരുന്നവർക്ക് മാസം തോറും 10,000 റഷ്യൻ റൂബിൾസ് (170 ഡോളർ) പെൻഷൻ പേയ്‌മെന്റ് നൽകാനാണ് റഷ്യൻ സർക്കാരിന്റെ തീരുമാനം.

ശനിയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച ഉത്തരവിൽ പുടിൻ ഒപ്പുവെച്ചത്. ഉത്തരവ് സർക്കാർ പോർട്ടലിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 18 മുതൽ ഉക്രൈൻ പ്രദേശം വിട്ടുപോകാൻ നിർബന്ധിതരായവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക.

യുക്രൈൻ പൗരന്മാർക്കൊപ്പം ഡൊണെട്‌സ്‌ക്, ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക്കുകളിലെ ജനങ്ങൾക്കും പണം നൽകുമെന്നും ഉത്തരവിൽ പറയുന്നു. യുക്രൈൻ പൗരന്മാർക്ക് റഷ്യൻ പാസ്പോർട്ടുകളും റഷ്യ നൽകിവരുന്നുണ്ട്. ഇതിനെതിരെ അമേരിക്കയും യുക്രൈനും രംഗത്തെത്തുകയും ചെയ്തിരുന്നു. റഷ്യയുടെ നീക്കം നിയമവിരുദ്ധമാണെന്നായിരുന്നു അമേരിക്കയുടെയും യുക്രൈന്റെയും വാദം.

ജൂലൈ മാസത്തിലായിരുന്നു റഷ്യൻ പൗരത്വം നേടാൻ ആഗ്രഹിക്കുന്ന എല്ലാ ഉക്രൈൻ പൗരന്മാർക്കും റഷ്യൻ പൗരത്വം നൽകുമെന്ന് പുടിൻ പ്രഖ്യാപിച്ചത്. റഷ്യൻ പൗരത്വം നേടാൻ ആഗ്രഹമുള്ള യുക്രൈൻ പൗരന്മാർക്ക് അതിന്റെ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കുന്നതിനുള്ള റഷ്യൻ നാചുറലൈസേഷൻ പ്രോസസ് ഉത്തരവിലായിരുന്നു വ്‌ളാഡിമിർ പുടിൻ ഒപ്പുവെച്ചത്.

കിഴക്കൻ യുക്രൈനിലെ ഡൊണെട്‌സ്‌ക്, ലുഹാൻസ്‌ക് എന്നീ പ്രവിശ്യകളിൽ നിന്നും റഷ്യയിലെത്തുന്നവർക്കും 10,000 റഷ്യൻ റൂബിൾസ് പാരിതോഷികമായി നൽകാൻ ഇക്കഴിഞ്ഞ ഫെബ്രുവരി 18ന് പുടിൻ ഉത്തരവിട്ടിരുന്നു.