‘അമിതാഭ് ബച്ചൻ ദൈവം’, 60 ലക്ഷം മുടക്കി വീടിനു മുന്നിൽ പ്രതിമ സ്ഥാപിച്ച്‌ ആരാധകൻ

Advertisement

ന്യൂജഴ്സി: തന്റെ പ്രിയ താരത്തിനോടുള്ള സ്‌നേഹം ഇതിലും മികച്ച രീതിയിൽ പ്രകടിപ്പിക്കാനാവില്ല. സ്വന്തം വീടിനു മുന്നിൽ തന്നെ ഇഷ്ട താരത്തിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് ഒരു കുടുംബം.

ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന്റെ പൂർണകായ പ്രതിമയാണ് ന്യൂ ജേഴ്‌സിയിലെ എഡിസൺ സിറ്റിയിലെ വീടിനുമുന്നിൽ ഒരു ഇന്ത്യൻ അമേരിക്കൻ കുടുംബം സ്ഥാപിച്ചത്.

റിങ്കുവിന്റേയും ഗോപി സേതിന്റേയും വീടിനുമുന്നിൽ ഒരു ഗ്ലാസ് ബോക്‌സിന് ഉള്ളിലായിട്ടാണ് അമിതാഭ് ബച്ചന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയുടെ അനാച്ഛാദനം കാണുന്നതിനായി 600ഓളം പേരാണ് എത്തിയത്. പടക്കം പൊട്ടിച്ചും ഡാൻസ് കളിച്ചുമാണ് പരിപാടി ഇവർ ആഘോഷമാക്കിയത്.

തനിക്കും തന്റെ ഭാര്യയ്ക്കും ദൈവത്തേപ്പോലെയാണ് അമിതാഭ് ബച്ചൻ എന്നാണ് ഗോപി സേത് പറഞ്ഞത്. ബിഗ് ബിയുടെ സിനിമ ജീവിതം മാത്രമല്ല യഥാർത്ഥ ജീവിതവും തനിക്ക് പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റു താരങ്ങളെ പോലെയല്ല അമിതാഭ് ബച്ചനെന്നും തന്റെ ആരാധകരെ സംരക്ഷിക്കുകയും വിനയത്തോടെ പെരുമാറുകയും ചെയ്യുന്ന ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതിമ വീടിനുമുന്നിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.

79കാരനായ സേത് ഗുജറാത്തിലെ ഗാഹോഡിൽ നിന്ന് 1990ലാണ് യുഎസിൽ എത്തുന്നത്. പ്രതിമയെക്കുറിച്ച്‌ അമിതാഭ് ബച്ചന് അറിയാമെന്നാണ് സേത് പറയുന്നത്. ഇതിനൊന്നും താൻ അർഹനല്ലെന്നും എന്നാൽ ഇത് ചെയ്യുന്നതിൽ നിന്ന് തടയില്ലെന്നും ബിഗ് ബി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. റിയാലിറ്റി ഷോ ആയ കോൻ ബനേക ക്രോർപതി സ്റ്റൈലിൽ ഇരിക്കുന്ന അമിതാഭ് ബച്ചനെയാണ് പ്രതിമയിൽ കാണുന്നത്. രാജസ്ഥാനിൽ നിർമിച്ച പ്രതിമ യുഎസിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനായി 60 ലക്ഷം രൂപയാണ് സേത് ചെലവാക്കിയത്. 1991ൽ നവരാത്രി ആഘോഷത്തിനിടെ ന്യൂ ജേഴ്‌സിയിൽ വച്ചാണ് തന്റെ ദൈവത്തെ ആദ്യമായി കണ്ടത് എന്നാണ് സേത് പറയുന്നത്. അന്നു മുതൽ താരത്തിന്റെ കടുത്ത ആരാധകനാണ്. അമേരിക്കയിൽ പ്രതിമ സ്ഥാപിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നെന്നും താൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി അതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement