വെള്ളപ്പൊക്ക ദുരിതം പേറുന്ന പാക്കിസ്ഥാന് സഹായവുമായി ഇന്ത്യ

Advertisement

ന്യൂഡൽഹി ∙ വെള്ളപ്പൊക്കം നിമിത്തം ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാന് സഹായമെത്തിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്ത്. പാക്കിസ്ഥാനെ ഏതു വിധത്തിൽ സഹായിക്കാനാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, പാക്കിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വെള്ളപ്പൊക്ക ദുരിതത്തിൽ പാക്കിസ്ഥാനിൽ ഇതുവരെ ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. മൂന്നു കോടിയിലധികം ആളുകളെയാണ് വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ബാധിച്ചത്. ഇതിനിടെയാണ് അയൽക്കാരെ സഹായിക്കാനുള്ള നീക്കവുമായി ഇന്ത്യ രംഗത്തെത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അതിനിടെ, ഇന്ത്യയിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ഒരു പാക്കിസ്ഥാൻ മന്ത്രി സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്. പാക്കിസ്ഥാനെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്ക ദുരിതത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
‘‘പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക കെടുതികൾ വിഷമമുണ്ടാക്കുന്നു. ദുരിതത്തിൽ മരിച്ചവരുടെ കുടുംബാഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവരുടെയും ദുരിതബാധിതരുടെയും വിഷമം പങ്കുവയ്ക്കുന്നു. എത്രയും വേഗം ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു’ – പ്രധാനമന്ത്രി മോദി ട്വിറ്ററിൽ കുറിച്ചു.

Advertisement