ദോഹ: പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കുന്ന ഖത്തറിൻറെ ശ്രമങ്ങൾക്ക് പിന്തുണയുമായി ലുസൈലിൽ നിന്നൊരു കാഴ്ച.
ലുസൈലിലെ പ്ലയ്സ് വെൻഡോം, ലുസൈൽ മറിന, ഫുഡ് അറിന, കതാറ ടവേഴ്സ് എന്നിവടങ്ങളിൽ സന്ദർശകർക്ക് സഞ്ചരിക്കാൻ മുച്ചക്ര ഇലക്ട്രിക് റിക്ഷയാണ് ഓടിത്തുടങ്ങിയത്. ജൂലൈ മുതൽ സർവിസ് നടത്തുന്ന ഇ റിക്ഷ ഐ ലവ് ലുസൈൽ സ്റ്റാച്യൂ, ഫുഡ് അറിന, പ്ലയ്സ് വെൻഡോം എന്നിവ കേന്ദ്രീകരിച്ചാണ് സർവിസ് നടത്തുന്നത്. രാത്രി ഏഴ് മുതൽ പുലർച്ച മൂന്ന് വരെയായി ദിവസവും ഓടുന്ന ഇ റിക്ഷ സഞ്ചാരികൾക്കിടയിലും സ്വീകാര്യതയേറുന്നു. വാരാന്ത്യ ദിവസങ്ങളിൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ കൂടുതൽ പേർ റിക്ഷാ യാത്ര നടത്തുന്നതായി ഓപറേറ്റർമാർ പറഞ്ഞു. പരിസ്ഥിതി സൗഹൃദമായ ഇ റിക്ഷകൾ, പെഡൽ ഉപയോഗിച്ച് ചവിട്ടിയും പ്രവർത്തിപ്പിക്കാം.
15 കി.മീ മുതൽ 23കി.മീ വരെയാണ് വേഗത. 15 മുതൽ 20 മിനിറ്റു വരെയുള്ള സഞ്ചാരത്തിന് 60 റിയാലാണ് നിരക്ക്. ഒരേസമയം ഡ്രൈവർ ഉൾപ്പെടെ നാലു പേർക്ക് സഞ്ചരിക്കാൻ കഴിയും. യാത്രക്കാർക്കും സന്ദർശകർ ഏറെയെത്തുന്ന പ്രദേശത്തെ കാൽനടക്കാർക്കും സുരക്ഷിതത്വം ഉറപ്പാക്കി വേഗം കുറച്ചാണ് യാത്രയെന്ന് ഡ്രൈവർ പറഞ്ഞു. പ്ലയ്സ് വെൻഡോം സ്റ്റേഷനിലും ഫുഡ് അറിനയിലും രണ്ട് റിക്ഷകളും, ലെ ലവ് ലുസൈൽ സ്റ്റേഷനിൽ ഒരു റിക്ഷയും ആണ് സർവിസ് നടത്തുന്നത്.
ആറ് മണിക്കൂർ ചാർജിൽ ഒരു റിക്ഷ പരമാവധി ഏഴു മണിക്കൂർ വരെ പ്രവർത്തിക്കും. എന്നാൽ, യാത്രക്കാരുടെ തിരക്കനുസരിച്ച് ചാർജിങ് സമയം ഏറിയും കുറഞ്ഞുമിരിക്കുമെന്ന് ഡ്രൈവർ പറയുന്നു. പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനങ്ങളിൽ സന്ദർശകർ താൽപര്യം പ്രകടിപ്പിക്കുന്നത് കൂടി പുതിയ പ്രവണതയായി ഇവർ ചൂണ്ടിക്കാണിക്കുന്നു. ലോകകപ്പ് വേളയിൽ കൂടുതൽ സന്ദർശകരെത്തുമ്പോൾ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗം എന്ന നിലയിൽ ശ്രദ്ധേയവുമാണ് ഇ റിക്ഷ.