‘വൃത്തികെട്ട ഹിന്ദു’; കാലിഫോർണിയയിൽ ഇന്ത്യക്കാരന് നേരെ വംശീയ അധിക്ഷേപം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

Advertisement

ന്യൂയോർക്ക്: കാലിഫോർണിയയിൽ ഇന്ത്യൻ പൗരന് നേരെ വംശീയ അധിക്ഷേപം. വൃത്തികെട്ട ഹിന്ദു, അറപ്പുളവാക്കുന്ന നായ എന്നീ പ്രയോഗങ്ങൾ നടത്തിയാണ് അധിക്ഷേപിച്ചത്.
ടെക്‌സാസിൽ നാല് സ്ത്രീകൾക്കെതിരെ മറ്റൊരു വംശീയ അധിക്ഷേപ കേസ് റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് സംഭവം നടന്നിരിക്കുന്നത്.

ഓഗസ്റ്റ് 21 ന് കാലിഫോർണിയയിലെ ഫ്രീമോണ്ടിലെ ഗ്രിമ്മർ ബൊളിവാർഡിലെ ടാക്കോ ബെല്ലിൽ വെച്ചായിരുന്നു സംഭവം. കൃഷ്ണൻ ജയരാമൻ എന്നയാൾക്ക് നേരെയാണ് വംശീയ അധിക്ഷേപം നടത്തിയത്. 37 കാരനായ സിംഗ് തേജീന്ദർ എന്ന ഇന്ത്യൻ അമേരിക്കക്കാരനാണ് ഈ അധിക്ഷേപം നടത്തിയിരിക്കുന്നതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു

തേജീന്ദറിനെതിരെ പൗരാവകാശ ലംഘനം, മോശം ഭാഷയിലുള്ള ആക്രമണം, സമാധാനം ഇല്ലാതാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായി ഫ്രീമോണ്ട് പൊലീസ് അറിയിച്ചു. ചാർജ് ഷീറ്റിൽ ഏഷ്യൻ/ഇന്ത്യൻ എന്ന പേരിലാണ് തേജീന്ദറിന്റെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.

തേജീന്ദർ തന്നെ വംശീയ അധിക്ഷേപം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ജയരാമന്റെ ഫോണിലുണ്ട്. എട്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ ആണിത്. ” നിന്നെ ഞങ്ങൾ വെറുക്കുന്നു, നായ. പൊതുസ്ഥലങ്ങളിൽ ഇതുപോലെ വന്ന് നിൽക്കരുത്. വൃത്തികെട്ട ഹിന്ദു,” എന്നിങ്ങനെയാണ് തേജീന്ദർ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ രണ്ട് തവണ തേജീന്ദർ ജയരാമന്റെ മുഖത്തേക്ക് തുപ്പുന്നതും കാണാം. ഇത് ഇന്ത്യയല്ലെന്നും അമേരിക്കയാണെന്നും തേജീന്ദർ പറയുന്നുണ്ട്.

സംഭവത്തിൽ താൻ പേടിച്ചു പോയെന്നും തേജീന്ദറും ഇന്ത്യക്കാരനാണെന്ന് അറിഞ്ഞപ്പോൾ കൂടുതൽ അസ്വസ്ഥനായെന്നും ജയരാമൻ പറഞ്ഞു. ” ഞാൻ പേടിച്ചുപോയി. ഒരു സമയത്ത് ഞാൻ ദേഷ്യപ്പെട്ടെങ്കിലും അയാൾ എന്റെ പുറകെ വന്നാൽ എന്ത് ചെയ്യുമെന്നോർത്ത് ഭയപ്പെട്ടുവെന്നും ജയരാമൻ എൻബിസി ബേ ഏരിയയോട് പറഞ്ഞു.”

”ഞാൻ നിങ്ങളോട് വഴക്കിടാൻ വന്നിട്ടില്ലെന്ന് ജയരാമൻ തേജീന്ദറിനോട് പറയുന്നുണ്ട്. എന്നാൽ നിങ്ങൾ ഹിന്ദുക്കളെ ഞങ്ങൾക്ക് വെറുപ്പാണെന്ന് തേജീന്ദർ മറുപടി നൽകുകയും ജയരാമന്റെ മുഖത്തേക്ക് തുപ്പുകയും ചെയ്തു,” KLTS.com വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെ കുറിച്ച്‌ ഫ്രീമോണ്ട് പൊലീസ് അന്വേഷണം തുടരുകയാണ്. ഫ്രീമോണ്ട് പൊലീസ് ഉദ്യോഗസ്ഥർ എത്തുന്നതോടെയാണ് ജയരാമന്റെ വീഡിയോ അവസാനിക്കുന്നത്. പിന്നീട് പൊലീസ് മേധാവി സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു.

”വിദ്വേഷ സംഭവങ്ങളെയും വിദ്വേഷ കുറ്റകൃത്യങ്ങളെയും ഞങ്ങൾ ഗൗരവമായി കാണുന്നുണ്ട്. മാത്രമല്ല അവ നമ്മുടെ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്തെന്നും ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. ലിംഗഭേദം, വംശം, ദേശീയത, മതം, മറ്റ് വ്യത്യാസങ്ങൾ എന്നിവ പരിഗണിക്കാതെ എല്ലാ ആളുകളെയും സംരക്ഷിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്,” പൊലീസ് മേധാവി സീൻ വാഷിംഗ്ടൺ കുറിച്ചു. ഇത്തരം സംഭവങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയിലെ ടെക്‌സാസിൽ നാല് ഇന്ത്യൻ-അമേരിക്കൻ സ്ത്രീകളെ ഒരു മെക്‌സിക്കൻ-അമേരിക്കൻ സ്ത്രീ വംശീയമായി അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബുധനാഴ്ച രാത്രി ടെക്സാസിലെ ഡല്ലാസിലായിരുന്നു സംഭവം.

Advertisement