പ്രളയത്തിന് പിന്നാലെ വിലക്കയറ്റവും ; 47 വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിൽ വീർപ്പുമുട്ടി പാകിസ്ഥാൻ

Advertisement

പ്രളയത്തിന് പിന്നാലെ വിലക്കയറ്റവും ; 47 വർഷത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിൽ വീർപ്പുമുട്ടി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ത്യയുടെ തൊട്ട് അയൽ രാജ്യമായ പാകിസ്ഥാന് ഇപ്പോൾ കഷ്ടകാലമാണ്. ഒരു മഹാപ്രളയം രാജ്യത്തെ അക്ഷരാർത്ഥത്തിൽ നടുക്കി. ആ പ്രളയം സംഭവിക്കുന്നതിനു തൊട്ടു മുൻപ് പുറത്തുവന്ന രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ കണക്ക് ജനങ്ങൾക്ക് ഒട്ടും ആശാസ്യവുമായിരുന്നില്ല. തുടർച്ചയായ ആറാം മാസവും പണപ്പെരുപ്പം ഉയർന്നു തന്നെയാണ്

കഴിഞ്ഞ 47 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റമാണ് പാകിസ്ഥാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ തുടർച്ചയായ ആറാമത്തെ മാസമാണ് വിലക്കയറ്റം പുതിയ ഉയരത്തിൽ എത്തുന്നത്. ഉപഭോക്തൃ വില 27.26% ആണ് ഓഗസ്റ്റ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വിലക്കയറ്റത്തിൽ ഉണ്ടായ വർധന. 1975 മെയ് മാസത്തിലായിരുന്നു ഇതിനു മുൻപ് ഇത്രയും ഉയർന്ന വിലക്കയറ്റം നേരിട്ടത്.

മഹാ പ്രളയത്തെ തുടർന്ന് രാജ്യം കടുത്ത ഭക്ഷ്യ പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൻ വിലക്കയറ്റത്തിന്റെ കണക്കും പണപ്പെരുപ്പവും ജന ജീവിതം കൂടുതൽ ദുസ്സഹമാകുന്നത്. അതേസമയം പ്രളയത്തിൽ രാജ്യത്തെ കാർഷികരംഗം വൻ വിള നാശം നേരിട്ടു. അരി, പഞ്ഞി, പച്ചക്കറി, സവാള, തക്കാളി തുടങ്ങിയ സകല വിളകളും നശിച്ചു.

ഈയാഴ്ച ആദ്യം അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് 110 കോടി ഡോളർ സാമ്പത്തിക സഹായം പാകിസ്ഥാന് ലഭിച്ചിരുന്നു. അതേസമയം പാകിസ്ഥാൻ ഭരണകൂടം ഇന്ധന നികുതിയും വൈദ്യുതി നിരക്കും വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതോടെ വിലക്കയറ്റം പുതിയ ഉയരത്തിൽ എത്തും എന്നാണ് കരുതപ്പെടുന്നത്. ഈ വർഷം വായ്പാ ചെലവ് 525 ബേസിസ് പോയിൻറ് ഉയർത്തിയതിന് ശേഷം പാകിസ്ഥാന്റെ സെൻട്രൽ ബാങ്ക് കഴിഞ്ഞ മാസം നിരക്കുകൾ സ്ഥിരമായി നില നിർത്തിയിരുന്നു.

Advertisement