രാജ്യം വിട്ട ഗോതബയ രാജപക്സ ശ്രീലങ്കയിൽ തിരിച്ചെത്തി, താമസിക്കുക സർക്കാർ വസതിയിൽ

Advertisement

കൊളംബോ: ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് രാജ്യംവിട്ട മുൻ പ്രസിഡന്റ് ഗോതബയ രാജപക്സ ശ്രീലങ്കയിൽ തിരിച്ചെത്തി.

ജനരോഷം കടുത്തതിനെത്തുടർന്ന് ജൂലായ് 13നായിരുന്നു ഗോതബയ നാടുവിട്ടത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഗോതബയ കൊളംബോയിലെ വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി പാർട്ടിയിൽ നിന്നുള്ള മന്ത്രിമാരും എംപിമാരും വിമാനത്താവളത്തിലെത്തിയിരുന്നു.

മുൻ പ്രസിഡന്റ് എന്ന നിലയിൽ കൊളംബോയിൽ സർക്കാ‌ർ അനുവദിച്ച വസതിയിലാണ് ഗോതബയ താമസിക്കുന്നത്. കനത്ത പൊലീസ് കാവലിലായിരുന്നു അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോയത്. രാജ്യംവിട്ടതിന് പിന്നാലെ മാലിദ്വീപ്, സിംഗപ്പൂർ, തായ്ലാൻഡ് എന്നിവിടങ്ങളിൽ സന്ദർശക വിസയിൽ കഴിയുകയായിരുന്നു അദ്ദേഹം. നിലവിൽ അദ്ദേഹത്തിനെതിരെ ശ്രീലങ്കയിൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

അറസ്റ്റ് ചെയ്യപ്പെടാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ഔദ്യോഗികമായി രാജി വയ്ക്കുന്നതിന് മുന്നേ ഗോതബയ രാജ്യം വിട്ടത്. പ്രസിഡന്റിന്റെ വസതിയിലേക്ക് പതിനായിരക്കണക്കിന് പ്രക്ഷോഭകാരികൾ ഇരച്ചുകയറുന്നതിന് മുന്നേ ഗോതബയയെ സൈന്യം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്നാണ് മാലിദ്വീപിലേയ്ക്ക് കടന്നത്. അവിടെനിന്ന് സിംഗപ്പൂരിലേയ്ക്കും പിന്നാലെ തായ്ലാൻഡിലും എത്തി.

Advertisement