യൂറോപ്പിലെ വറ്റിവരണ്ട നദികളിൽ പുരാതന ലിഖിതങ്ങളും സ്മാരകങ്ങളും

Advertisement

ലണ്ടൻ: യൂറോപ്പിലുടനീളം വരൾച്ച രൂക്ഷമായതോടെ നദികൾ വറ്റി വരണ്ട പ്രദേശങ്ങളിൽ നിന്ന് ഉയർന്നു വരുന്നത് പഴയ ലിഖിതങ്ങളും മുങ്ങിപ്പോയ സ്മാരകങ്ങളും. മഴ പെയ്യാത്തതും മെയ് മുതലുളള്ള ഉഷ്ണ തരംഗവും ഈ പ്രദേശത്തെ ജലാശയങ്ങളെ കാര്യമായി ബാധിച്ചുവെന്നും നിരവധി പ്രദേശങ്ങളിൽ വരൾച്ചയ്ക്ക് കാരണമായെന്നും സിഎൻബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. നദികൾ വറ്റി വരണ്ടതോടെ വളരെക്കാലമായി നദിയ്ക്കടിയിൽ മുങ്ങിക്കിടന്നിരുന്ന പുരാവസ്തുക്കളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.

‘Wenn du mich siehst, dann weine (നിങ്ങൾ എന്നെ കണ്ടാൽ കരയുക)’ ചെക്ക് റിപ്പബ്ലിക്കിലെ ഡെസിൻ പട്ടണത്തിലെ എൽബെ നദിയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയ ഒരു കല്ലിലെ ലിഖിതം ഇങ്ങനെയായിരുന്നു. ഗാർഡിയൻ റിപ്പോർട്ട് അനുസരിച്ച്‌, ‘വിശപ്പ് കല്ല്’ (hunger stone) എന്ന് വിളിക്കപ്പെടുന്ന ഈ കല്ല് ഭാവി തലമുറകൾക്ക് ദാരിദ്ര്യത്തിന്റെ മുന്നറിയിപ്പ് കൂടിയാണ് നൽകുന്നത്. എൽബെ നദിയിൽ നിന്ന് കണ്ടെത്തിയ ഈ പുരാതന കല്ല് 1616 മുതലുള്ളതാണ്. 1417ലെയും 1473ലെയും ലിഖിതങ്ങളുടെ അവശിഷ്ടങ്ങളും നദിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ‘ഇത് താഴേക്ക് പോകുമ്പോൾ, ജീവിതം വീണ്ടും കൂടുതൽ വർണ്ണാഭമായി മാറും’ എന്ന് എഴുതിയിരിക്കുന്ന മറ്റൊരു കല്ലും എൽബെ നദിയിൽ നിന്ന് കണ്ടെത്തി.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു പള്ളിയും ഒരു വലിയ മെഗാലിത്തിക്ക് സമുച്ചയവും സ്പെയിനിൽ ഉയർന്നുവന്ന സ്മാരകങ്ങളിൽ ഉൾപ്പെടുന്നുണ്ടെന്നാണ് എഎഫ്പി റിപ്പോർട്ട്. സ്പെയിനിന്റെ പടിഞ്ഞാറൻ എക്സ്ട്രീമഡുര മേഖലയിൽ, വാൽഡെക്കനാസ് റിസർവോയറിലെ വെള്ളം കുറഞ്ഞതോടെ ഒരു ചെറിയ ദ്വീപിൽ പുരാതനമായ ഒരു ശിലാവൃത്തം കണ്ടെത്തിയിരുന്നു. സ്പാനിഷ് സ്റ്റോൺഹെഞ്ച് എന്ന് വിളിക്കപ്പെടുന്ന ഡോൾമെൻ ഓഫ് ഗ്വാഡൽപെറൽ എന്ന ശിലാവൃത്തം ബിസി 5000 വർഷം പഴക്കമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു.

അതികഠിനമായ വരൾച്ചയെ തുടർന്ന് വടക്കൻ ഇറാഖിലെ ടൈഗ്രിസ് നദിയിൽ, 3,400 വർഷം പഴക്കമുള്ള ഒരു നഗരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. മാസങ്ങൾ നീണ്ട വരൾച്ചയെ തുടർന്ന് മൊസൂൾ റിസർവോയറിൽ നിന്ന് ജലസേചനത്തിനായി വെള്ളം എടുക്കേണ്ടി വന്നതാണ് പുരാതന നഗരത്തിന്റെ ശേഷിപ്പുകൾ തെളിഞ്ഞു വരാൻ കാരണമായതെന്ന് ട്യൂബിംഗൻ സർവകലാശാല പറയുന്നു. ബിസി 1550-1350 കാലഘട്ടത്തിൽ വടക്കൻ മെസൊപ്പൊട്ടേമിയയുടെയും സിറിയയുടെയും ഭൂരിഭാഗം സ്ഥലങ്ങളും ഭരിച്ചിരുന്ന, മിത്താനി സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പുരാതന നഗരമായ സഖിക്കുവിന്റെ ശേഷിപ്പുകളാകാം അവയെന്നാണ് വിദഗ്ധരുടെ നിഗമനം.

അതിനിടെ, ഇറ്റലിയിലെ പോ നദിയിൽ ബോംബ് ഉൾപ്പെടെയുള്ള രണ്ടാം ലോക മഹായുദ്ധ കാലത്തെ പുരാവസ്തുക്കൾ കണ്ടെത്തിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശിഷ്ടങ്ങൾ സെർബിയയിലെ ഡൗബ് നദിയുടെ അടിത്തട്ടിലും കണ്ടെത്തിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ ഡസൻ കണക്കിന് ജർമ്മൻ യുദ്ധക്കപ്പലുകൾ ഉൾപ്പെടുന്നുണ്ട്.

ചില പ്രധാന ജലശയങ്ങളിലെ ജലനിരപ്പ് പത്ത് വർഷം മുമ്പത്തേതിനോക്കാൾ കുറവാണെന്ന് റിസർച്ച്‌ അഡൈ്വസറി സ്ഥാപനമായ ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിലെ യൂറോപ്പ് ആൻഡ് ക്ലൈമറ്റ് പോളിസി സീനിയർ അനലിസ്റ്റ് മാത്യു ഓക്സെൻഫോർഡ് സിഎൻബിസിയോട് പറഞ്ഞു.

Advertisement