എലിസബത്തിന്റെ മരണത്തിന് പിന്നാലെ വില്ല്യമും കെയ്റ്റും പുതിയ പദവികളിലേക്ക്

Advertisement


ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ മകൻ ചാൾസ് ആണ് ബ്രിട്ടന്റെ പുതിയ രാജാവാകുന്നത്. ചാൾസ് മൂന്നാമൻ എന്ന പേരിലാകും ഇനി അദ്ദേഹം അറിയപ്പെടുക എന്ന് കൊട്ടാരവൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

ബ്രിട്ടന്റെ സിംഹാസനത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് ചാൾസ്. കൊച്ചുമകനായ വില്ല്യത്തിന്റെ പദവിയിലും മാറ്റമുണ്ടാകും.

വില്ല്യം രാജകുമാരൻ ഇനി മുതൽ ‘പ്രിൻസ് ഓഫ് വെയിൽസ്’ ആയിരിക്കും. ഭാര്യ കെയ്റ്റ് മിഡിൽടൺ ‘പ്രിൻസസ് ഓഫ് വെയിൽസ്’ എന്ന സ്ഥാനവും ഏറ്റെടുക്കും. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് മുൻപ് കേംബ്രിഡ്ജ് ഡ്യൂക്ക് പദവിയാണ് വില്ല്യം വഹിച്ചിരുന്നത്. രാജകുടുംബത്തിന്റെ അനന്തരാവകാശികൾക്കാണ് ‘പ്രിൻസ് ഓഫ് വെയിൽസ്’ എന്ന പദവി ലഭിക്കാറുള്ളത്. എലിസബത്തിന്റെ മകനായ ചാൾസിൽ നിന്നാണ് ഈ പദവി വില്ല്യത്തിലേക്ക് എത്തുന്നത്.

എന്നാൽ ചാൾസിന്റെ രണ്ടാം ഭാര്യയായ കാമിലയ്‌ക്ക് ‘ പ്രിൻസസ് ഓഫ് വെയിൽസ്’ പദവി ഉണ്ടായിരുന്നില്ല. ചാൾസിന്റെ ആദ്യ ഭാര്യയായ ഡയാനയോടുള്ള ബഹുമാനാർത്ഥമായിരുന്നു ഇത്. ‘പ്രിൻസസ് ഓഫ് വെയിൽസ്’ എന്ന പദവി അവസാനമായി വഹിച്ചത് ഡയാന രാജകുമാരിയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെയാണ് പിന്മുറക്കാരുടെ ചുമതലകളിലും മാറ്റങ്ങൾ വന്നിരിക്കുന്നത്.

Advertisement