ജെറുസലേം: ഇസ്രയേലിലെ ഹൈഫ തുറമുഖം വാങ്ങാനുള്ള ഇടപാട് പൂർത്തീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്, കമ്പനിയുടെ ആവശ്യത്തോട് അനുകൂലമായാണഅ ഇസ്രയേൽ ഭരണകൂടം പ്രതികരിച്ചിരിക്കുന്നത്.
അദാനി ഗ്രൂപ്പിൻറെയും പങ്കാളികളുടെയും ആവശ്യം ഇസ്രയേൽ ഭരണകൂടം അംഗീകരിച്ചു. ഇത് സംബന്ധിച്ച അനുകൂലമായ മറുപടി അദാനി ഗ്രൂപ്പിന് ലഭിച്ചു. അദാനി ഗ്രൂപ്പിൻറെ പങ്കാളിയും ഇസ്രയേലിലെ തുറമുഖ മന്ത്രാലയവുമാണ് ഇക്കാര്യം അറിയിച്ചത്.
ഇസ്രയേലിലെ ജൂത അവധിക്കാലം കൂടി പരിഗണിച്ച് ഒന്നരമാസം സമയമാണ് കമ്പനികൾക്ക് അനുവദിച്ചിരിക്കുന്നത്. നവംബർ 27ന് മുൻപാണ് പുതിയ ഉത്തരവ് പ്രകാരം ഇടപാട് പൂർത്തീകരിക്കേണ്ടത്. കഴിഞ്ഞ ജൂലൈ മാസത്തിലാണ് തുറമുഖം വിൽക്കാൻ ഇസ്രയേൽ ഭരണകൂടം തീരുമാനിച്ചത്. മെഡിറ്ററേനിയൻ തീരത്ത് ഒരു പ്രധാന വ്യാപാര ഹബ്ബാണ് ഈ തുറമുഖം. അദാനി ഗ്രൂപ്പും ഇസ്രയേലിലെ ലോജിസ്റ്റിക്സ് ബിസിനസ് രംഗത്തുള്ള ഗദോതും ചേർന്നുള്ള കൺസോർഷ്യമാണ് തുറമുഖം വാങ്ങുന്നതിനുള്ള ടെൻഡർ പിടിച്ചത്. 120 കോടി ഡോളറാണ് ഇടപാട് തുക. ഗദോതാണ് ഇടപാടിന് കൂടുതൽ സമയം ചോദിച്ചതും അത് ഭരണകൂടത്തിൽനിന്ന് അനുവദിക്കപ്പെട്ടതും മാധ്യമ പ്രവർത്തകരെ അറിയിച്ചത്. അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.