ഇസ്ലാമാബാദ്: പാകിസ്ഥാൻ വൻ സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. രാജ്യത്തെ നിക്ഷേപങ്ങൾ കൂട്ടത്തോടെ പിൻവലിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പണം പോലും രാജ്യത്തിന്റെ പക്കൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി സൗദി അറേബ്യയും, ഐഎംഎഫും സഹായം നൽകിയെങ്കിലും നടുനിവർത്താൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ, സമ്പത്ത് കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, നശിച്ചുകൊണ്ടിരിക്കുന്ന വ്യവസായ സൗഹൃദ അന്തരീക്ഷം എന്നിവയാണ് രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ശക്തമായ തിരിച്ചടി നൽകിയത്. ഇതിനൊപ്പം പ്രളയം കൂടി ഉണ്ടായതോടെ സമ്പദ് വ്യവസ്ഥ കൂടുതൽ ഞെരുക്കത്തിലായി. പ്രളയത്തിൽ ഇതുവരെ 180 ലക്ഷം ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായത്.
വ്യവസായ സൗഹൃദ അന്തരീക്ഷം നശിക്കാൻ ആരംഭിച്ചതോടെ വൻകിട നിക്ഷേപകർ രാജ്യത്തെ നിക്ഷേപങ്ങൾ വ്യാപകമായി പിൻവലിച്ചിരുന്നു. ഇതാണ് പ്രധാനമായും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ബാധിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ രാജ്യത്തെ ജിഡിപിയിലും വലിയ കുറവ് ഉണ്ടായി. ഇതിന് പിന്നാലെയായിരുന്നു ശക്തമായ മഴയിൽ രാജ്യത്തെ പ്രളയം വിഴുങ്ങിയത്.
80 ലധികം ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. 330 ലക്ഷം ആളുകൾ ഭൂരഹിതരായി. നിലവിൽ 36 ശതമാനമാണ് രാജ്യത്തെ തൊഴില്ലായ്മ നിരക്ക്. 37 ശതമാനം ആളുകൾ പട്ടിണിയിലാണെന്നാണ് റിപ്പോർട്ടുകൾ.