ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെ പേനയിലെ മഷി ലീക്കായപ്പോള്‍ ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന് രാജാവ് അതൃപ്തിയോടെ പ്രതികരിക്കുന്ന വീഡിയോ വൈറല്‍. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന ചാള്‍സ് ആണ് ദൃശ്യത്തില്‍.
‘ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു’ എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളയുന്നതും ‘ഇതൊന്നും സഹിക്കാനാകില്ലെന്നു ചാള്‍സ് പിറുപിറുക്കുന്നതും വിഡിയോയില്‍ ഉണ്ട്. രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോള്‍ ചാള്‍സ് അനിഷ്ടം പ്രകടപ്പിക്കുന്ന വിഡിയോ നേരത്തെ പ്രചരിച്ചിരുന്നു.