കോവിഡിന് പുതിയൊരു വകഭേദം കൂടി; ബ്രിട്ടനിൽ വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു

Advertisement

ലണ്ടൻ: യുഎസിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ഒമിക്രോൺ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. ബ്രിട്ടീഷ് ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച് ഓഗസ്റ്റ് മൂന്നാംവാരത്തിൽ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് ഒൻപത് ശതമാനമായി ഉയർന്നു.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്കനുസരിച്ച്, അമേരിക്കയിലുടനീളമുള്ള സമീപകാല കേസുകളിൽ ഒൻപത് ശതമാനത്തിലധികം ബിഎ.4.6 ആണ്. മറ്റു പല രാജ്യങ്ങളിലും ഈ വകഭേദം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒമിക്രോണിന്റെ ബിഎ.4 വകഭേദത്തിന്റെ പിൻഗാമിയാണ് ബിഎ.4.6. ഇത് ആദ്യമായി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തി. അതിനുശേഷം ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതൽ ഗുരുതരമായ രോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയുണ്ട്.

Advertisement