ഒപ്പിടുന്നതിനിടെ മഷി ചോർന്നു, ക്ഷുഭിതനായി ചാൾസ് രാജാവ്

Advertisement

ബെൽഫാസ്റ്റ്: ഒപ്പിടുന്നതിനിടെ പേനയിലെ മഷി ചോർന്നതിൽ ക്ഷുഭിതനായി ചാൾസ് രാജാവ്. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിനടുത്തുള്ള ഹിൽസ്ബറോ കാസിലിൽ സന്ദർശക പുസ്തകത്തിൽ ഒപ്പിടുന്നതിനിടെയാണ് സംഭവം.

ഒപ്പിടാനായി ഉപയോഗിച്ച പേനയിൽനിന്നു മഷി ചോർന്നതോടെ ചാൾസ് രാജാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും ക്ഷുഭിതനായി കസേരയിൽനിന്ന് എഴുന്നേൽക്കുകയുമായിരുന്നു.

‘‘എനിക്ക് ഇത് (പേന) ഇഷ്ടമല്ല!’’ എന്നു പറഞ്ഞ് ചാൾസ് എഴുന്നേൽക്കുകയും പേന, ഭാര്യ കാമിലയുടെ കയ്യിൽ കൊടുക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. ‌വിരലുകൾ തുടയ്ക്കുന്നതിനിടെ ‘‘ഇത് എപ്പോഴും സഹിക്കാനാകില്ല’’ എന്നും ചാൾസ് പറയുന്നുണ്ട്. ഇതിനിടെ, കാമില കസേരയിൽ ഇരുന്ന് ഒപ്പിടുന്നത് വിഡിയോയിൽ കാണാം.

ഇതിനു മുൻപ്, സഹായിയോട് ചാൾസ് രാജാവ് തീയതി ചോദിക്കുകയും ചെയ്യുന്നുണ്ട്. ‘ഇന്ന് സെപ്റ്റംബർ 12 ആണോ’ എന്ന ചാൾസ് ചോദിക്കുമ്പോൾ, ‘അല്ല 13’ എന്ന് സഹായി മറുപടി നൽകുന്നു. ‘ഓ എഴുതിയത് തെറ്റി’ എന്ന് പറഞ്ഞ് ചാൾസ് തീയതി തിരുത്തിയശേഷമാണ് പേന ‘പണി’ കൊടുത്തത്.

ഈ അടുത്ത ദിവസങ്ങളിൽ ഇതു രണ്ടാം തവണയാണ് ചാൾസ് രാജാവ് ഇത്തരത്തിൽ പ്രകോപിതനാകുന്നത്. ശനിയാഴ്ച, ലണ്ടനിൽ ചില രേഖകളിൽ ഒപ്പിടാൻ ഒരുങ്ങുമ്പോൾ, പേനകൾ സൂക്ഷിക്കുന്ന ഹോൾഡർ തടസ്സമാകുകയും സഹായികളെ വിളിച്ച് മാറ്റിക്കുകയും ചെയ്തിരുന്നു.