കോവിഡ് വ്യാപനം ഫിനീഷിംഗ് ലൈനിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന

Advertisement

ജനീവ: മൂന്ന് വർഷമായി ലോകജനതയുടെ ജീവിതം തകിടം മറിച്ച കോവിഡ് മഹാമാരിയുടെ അവസാനം വിദൂരമല്ലെന്ന് ലോകാരോഗ്യ സംഘടന.

ഇതുവരെ ലക്ഷ്യം കൈവരിച്ചുവെന്ന് പറയാറായിട്ടില്ലെങ്കിലും മാരത്തൺ ഓട്ടത്തിന്റെ ഫിനീഷിംഗ് ലൈനിലേക്ക് ലോകരാജ്യങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്‌ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ ആഗോളതലത്തിൽ ഇതുപോലെ മെച്ചപ്പെട്ട സ്ഥിതിയുണ്ടായിട്ടില്ലെന്ന് സൂചിപ്പിച്ചായിരുന്നു ടെഡ്രോസ് അഥനോമിന്റെ വാക്കുകൾ. മഹാമാരി ദുരിതം വിതച്ച ഏറ്റവും മോശം സമയം അവസാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ 11 ന് അവസാനിച്ച ആഴ്ചയിലെ കണക്ക് അനുസരിച്ച്‌ പുതിയ കേസുകൾ 28 ശതമാനത്തിലേക്ക് കുറഞ്ഞതായി ഡബ്ല്യുഎച്ച്‌ഒ റിപ്പോർട്ട് ചെയ്തിരുന്നു.

മുൻ ആഴ്ചത്തേക്കാൾ പുതിയ രോഗികളുടെ എണ്ണത്തിൽ 12 ശതമാനം കുറവാണ് ഉളളത്. എന്നാൽ ഈ കണക്കുകളെ നിസ്സാര വൽക്കരിച്ച്‌ കാണരുതെന്നും പല രാജ്യങ്ങളും പരിശോധനകളുടെ എണ്ണം കുറച്ചിട്ടുണ്ടെന്നും ടെഡ്രോസ് അഥനോം പറഞ്ഞു. 2020 ലും 2021 ലുമായി 170 ലക്ഷം ആളുകളെങ്കിലും കോവിഡ് ബാധിച്ച്‌ മരിച്ചതായി ഡബ്ല്യുഎച്ച്‌ഒയുടെ പഠനം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

2020 മാർച്ചിലാണ് കോവിഡിനെ ആഗോള മഹാമാരിയായി ഡബ്ല്യുഎച്ച്‌ഒ പ്രഖ്യാപിച്ചത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ആറിന മാർഗനിർദ്ദേശങ്ങളും ടെഡ്രോസ് അഥനോം നിർദ്ദേശിച്ചു. 100 ശതമാനം വാക്‌സിനേഷൻ ഉറപ്പാക്കുകയാണ് ഇതിൽ ഏറ്റവും പ്രധാനമായി മുന്നോട്ടുവെച്ചിരിക്കുന്നത്.