ആമസോൺ തലവനെയും പിന്തള്ളി; ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്ത് ഗൗതം അദാനി

Advertisement

ആമസോൺ തലവനെയും പിന്തള്ളി; ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്ത് ഗൗതം അദാനി

ന്യൂയോർക്ക്: ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകസമ്പന്നരിൽ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെർനാഡ് അർനോൾട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്. നിലവിൽ ഫോബ്‌സിന്റെ കണക്കുപ്രകാരം 15470 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.

നിലവിൽ ലോകസമ്പന്നരിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് സ്‌പേസ് എക്‌സ് സ്ഥാപകൻ ഇലോൺ മസ്‌ക് തന്നെയാണ്. 27350 കോടി ഡോളറാണ് മസ്‌കിന്റെ ആസ്തി.

കഴിഞ്ഞ മാസം അർനോൾട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും മസ്‌കിനും ബെസോസിനും പിന്നിലായിരുന്നു. ഫോർബ്സിന്റെ സമ്പന്നരുടെ പട്ടികയിൽ ഇപ്പോൾ അർനോൾട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്.

അദാനി പോർട്ട്സ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ. 1988 ലാണ് സാധനങ്ങൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റർപ്രൈസസ് ആരംഭിക്കുന്നത്. 1994 ൽ മുന്ദ്ര പോർട്ടിൽ ഹാർബർ സൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോർട്ട്. 2009 ലാണ് അദാനി ഊർജ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 2020 ൽ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാംത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കി.