വാഷിങ്ടൺ: ആഗോള സമ്പദ്‍വ്യവസ്ഥ അടുത്ത വർഷം മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്.
പണപ്പെരുപ്പം തടയാൻ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുന്ന കേന്ദ്രബാങ്കുകളുടെ സമീപനം ലോകത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് ലോകബാങ്ക് അനുമാനം.
അടുത്തവർഷത്തോടെ വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്ക് നാല്ശതമാനം ഉയർത്തുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം അഞ്ച് ശതമാനത്തിൽ നിലനിർത്താൻ വേണ്ടിയാണിത്. തങ്ങളുടെ വരുതിയിൽ പണപ്പെരുപ്പം നിലനിർത്താൻ ആറ് ശതമാനം വരെ വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർത്തും.
കടുത്ത നിയന്ത്രണങ്ങൾ മൂലം ആഗോള സമ്പദ്‍വ്യവസ്ഥയുടെ ജി.ഡി.പി വളർച്ച നിരക്കിൽ 0.5 ശതമാനത്തിന്റെ കുറവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിശീർഷ വരുമാനത്തിൽ 0.4 ശതമാനത്തിന്റെ ഇടിവുമുണ്ടാവും. ഈ സാഹചര്യത്തിലേക്ക് ലോക സമ്പദ്‍വ്യവസ്ഥ കടക്കുന്നതോടെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തുണ്ടായെന്ന് സാങ്കേതികമായി പറയാമെന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്.
ഉപഭോഗം കുറക്കുന്നതിന് പകരം ഉൽപാദനം വർധിപ്പിക്കുകയാണ് ലോകരാജ്യങ്ങൾ ചെയ്യേണ്ടതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു. ഇതിനായി അധിക നിക്ഷേപം നടത്തുകയും ഉൽപാദനം വർധിപ്പിക്കുകയും വേണമെന്നും അദ്ദേഹം ഉപദേശിച്ചു.