ഹിജാബിന്റെ പേരിൽ പൊലീസ് മർദ്ദനത്തിന് ഇരയായ 22 കാരി മരിച്ചു

Advertisement

തെഹ്റാൻ: ഇറാനിൽ ദിവസങ്ങൾക്കുമുമ്പ് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റ് കോമയിലായ 22 കാരി മരിച്ചു. മരണത്തിന് കാരണക്കാരായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവർത്തകരും രംഗത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച തെഹ്റാനിൽ വെച്ചാണ് മഹ്സ ആമിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശരിയായ രീതിയിൽ വസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

ഇറാനിൽ പൊതുമധ്യത്തിൽ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് നിർബന്ധമാണ്. നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് ആമിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്‍ലാമിക രാഷ്ട്രമായ ഇറാനിൽ മതപരമായ രീതിയിലുള്ള വസ്ത്രധാരണം ഉറപ്പു വരുത്തുക എന്നതാണ് പൊലീസിലെ ഗൈഡൻസ് പട്രോളിന്റെ ചുമതല. സദാചാര പൊലീസ്, ഫാഷൻ പൊലീസ് എന്നീ പേരിലും ഈ വിഭാഗം അറിയപ്പെടുന്നുണ്ട്.

പൊലീസ് സ്റ്റേഷനിൽ വെച്ച്‌ ഇവർക്ക് തലക്ക് ഗുരുതരമായി മർദ്ദനമേറ്റെന്നും തുടർന്ന് കോമയിലായ ഇവരെ ആശുപത്രിയിലാക്കിയെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആമിനിയുടെ മരണം കൊലപാതകമാണെന്ന് ഇറാനിയൻ അഭിഭാഷകൻ സഈദ് ഡെഹ്ഘൻ വിശേഷിപ്പിച്ചു. അതേസമയം, ആമിനിയെ ദേഹോപദ്രവം ഏൽപിച്ചിട്ടില്ലെന്നാണ് തെഹ്റാൻ പൊലീസ് പറയുന്നത്. സംഭവത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റഈസി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.അമീനി അടക്കം നിരവധി യുവതികളെ സ്റ്റേഷനി​ലേക്ക് കൊണ്ടുവന്നിരുന്നു എന്നും അതിനിടെ ഹാളിൽ വെച്ച്‌ അവർ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.

ഇറാനിലേത് ഗൈഡൻസ് പട്രോൾ അല്ല, മർഡർ പട്രോൾ ആണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. മർഡർ പട്രോൾ എന്ന ഹാഷ്ടാഗിലാണ് ട്വിറ്ററിൽ പ്രതിഷേധം അലയടിക്കുന്നത്. യുവതിയുടെ മരണത്തിൽ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് ആംനസ്റ്റി ഇന്റർനാഷനലും ആവശ്യപ്പെട്ടു.

Advertisement