ന്യൂയോർക്ക്: ഭൂമിയിൽ സൃഷ്‌ടിക്കപ്പെട്ട് 160 വർഷത്തിനകം കനത്ത വെല്ലുവിളിയാണ് പരിസ്ഥിതിയ്‌ക്ക് പ്ളാസ്‌റ്റിക് ഉയർത്തുന്നത്. ഈസ്‌റ്റേൺ ഫിൻലാൻഡ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ മൈക്രോപ്ളാസ്‌റ്റിക് കണങ്ങൾ ചെടികളിലൂടെയും മൃഗങ്ങളിലൂടെയും നമ്മുടെ ആഹാര ശൃംഖലയിൽ കയറിപ്പറ്റിയതായുളള ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഗവേഷകർ പുറത്തുവിടുന്നത്.
മൈക്രോ പ്ളാസ്‌റ്റിക് കണങ്ങളിലെ മാലിന്യങ്ങൾ ഭൂമിയിൽ നിന്നും ചെടികൾ അവരുടെ വളർച്ചയിൽ വലിച്ചെടുക്കുന്നു. ഇത് ഭക്ഷിക്കുന്ന മൃഗങ്ങളിലും പ്ളാസ്‌റ്റിക് മാലിന്യങ്ങൾ എത്തുന്നുണ്ട്. വലിയ പ്ളാസ്‌റ്റിക് കഷ്‌ണങ്ങൾ പ്രകൃതിദത്തമായ അഴുകൽ പ്രക്രിയയുടെ ഭാഗമായി ഒരു മൈക്രോമീറ്റർ വലുപ്പം മാത്രമുളള കണങ്ങളായി വിഘടിക്കുന്നു. ഇവ വളരെയെളുപ്പം ചെടികളിലെത്തുന്നു.
പോളിസ്‌റ്റെറൈൻ, പോളിവിനൈൽ ക്ളോറൈഡ് എന്നിവയുടെ 250 നാനോ മീറ്റർ കണങ്ങൾ ചീരയിൽ കുത്തിവച്ചു. ഇത് പിന്നീട് ചെടിയിലിരുന്ന ഈച്ചയിലെത്തി. പിന്നീട് ഈച്ചയെ ആഹാരമാക്കിയ മത്സ്യത്തിലൂടെ അത് ആഹാര ശൃംഖലയിലെത്തി. ഫസെൽ മൊണിക് എന്ന ഗവേഷകന്റെ ചുമതലയിലായിരുന്നു പഠനം. തീരെ വലിപ്പം കുറവായതിനാൽ ഈ നാനോ മീറ്റർ പ്ളാസ്‌റ്റിക് കണങ്ങൾ കണ്ടെത്തുന്നതിന് ഇതിനൊപ്പം ഗാഡൊലീനിയം എന്ന അപൂർവ മൂലകത്തെ ഗവേഷകർ ഇതിനൊപ്പം ചേർത്തു. ഇവയുടെ സാന്നിദ്ധ്യമാണ് ആഹാരശൃംഖലയിൽ പ്ളാസ്‌റ്റിക് എത്തുന്നത് കണ്ടെത്തിയത്. ഇവയെ തിരിച്ചറിയാൻ ഇലക്‌ട്രോൺ മൈക്രോസ്‌കോപ് ഗവേഷകർ ഉപയോഗിച്ചു. ചീരയ്‌ക്ക് പ്ലാസ്‌റ്റിക് മണ്ണിൽ നിന്നും ആഹാരശൃംഖലയിലെത്തിക്കാൻ കഴിയുമെന്ന് കണ്ടെത്തിയതായി ഇതിലൂടെ ശാസ്‌ത്രജ്ഞർ തെളിയിച്ചു.
സമുദ്രത്തിന്റെ അടിത്തട്ടിലും അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ ഇടങ്ങളിലും പ്ളാസ്‌റ്റിക് കണങ്ങൾ ഇപ്പോഴുണ്ട്. വലിയ പ്ലാസ്‌റ്റിക് ഭാഗങ്ങളെക്കാൾ മൈക്രോ കണങ്ങൾ ആഹാരശൃംഖലയ്‌ക്ക് ആശങ്കയുയർത്തുന്നതായാണ് ഈസ്‌റ്റേൺ ഫിൻലാൻഡ് സർവകലാശാല ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.