ടെഹ്റാൻ: ‘ഹിജാബ് തെറ്റായി ധരിച്ചു’ എന്നാരോപിച്ച് ഇറാനിലെ മതകാര്യ പോലീസ് നടത്തിയ മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട 22 കാരി മഹ്സ അമിനിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് ഇറാനിൽ തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളും ശക്തമായി തുടരുകയാണ്. തുടർച്ചയായ ആറാം ദിവസവും സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ നഗരത്തിൽ ശക്തമായ പ്രക്ഷോഭത്തിലാണ്.
പ്രതിഷേധത്തിൽ മുന്നിൽ സ്ത്രീകളാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിലെ സാരി നഗരത്തിൽ സ്ത്രീകൾ ഹിജാബ് കത്തിച്ച് പൗരോഹിത്യത്തെ വെല്ലുവിളിച്ചു. ഉർമിയ, പിരാൻഷഹർ, കെർമാൻഷാ എന്നീ നഗരങ്ങളിൽ പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സുരക്ഷാ സേന നടത്തിയ വെടിവെപ്പിനിടെ മൂന്ന് പേർ മരിച്ചു. ഇതിലൊരാൾ സ്ത്രീയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കെർമാൻഷായിൽ രണ്ട് സാധാരണക്കാരെയും ഷിറാസിൽ ഒരു പോലീസ് അസിസ്റ്റൻറിനെയും പ്രതിഷേധക്കാർ കൊലപ്പെടുത്തിയതായി പോലീസും ആരോപിച്ചു. ഇതിനിടെ ലോകത്തെ വിവിധ നഗരങ്ങളിൽ ഇറാൻ വംശജരായ സ്ത്രീകൾ മുടി മുറിച്ചും ഹിജാബ് കത്തിച്ചും പ്രതിഷേധിച്ച് രംഗത്തിറങ്ങി.
മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഹിജാബ് നിയമങ്ങൾക്കും സദാചാര പോലീസിനുമെതിരായ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ കുറഞ്ഞത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ പ്രതിഷേധത്തിൻറെ മുന്നിൽ കുടുതലും സ്ത്രീകളാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇറാൻറെ വടക്ക്-പടിഞ്ഞാറൻ കുർദിഷ് നഗരമായ സാക്കസിൽ നിന്ന് 22 കാരിയായ മഹ്സ അമിനി എന്ന കുർദിഷ് യുവതി കുടുംബത്തോടൊപ്പം തലസ്ഥാനമായ ടെഹ്റാനിലെത്തിയതായിരുന്നു. ഇവർ സഹോദരനോടൊപ്പം നഗരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ മഹ്സ അമിനി, ഹിജാബ് ശരിയായല്ല ധരിച്ചതെന്ന് ആരോപിച്ച് മതകാര്യ പോലീസ് ഇവരെ പോലീസ് വാനിലേക്ക് വലിച്ചിഴച്ചു.
തുടർന്ന് വാനിൽ വച്ചും ജയിലിൽ വച്ചും നടത്തിയ ക്രൂരമായ പീഢനങ്ങൾക്ക് പിന്നാലെ മഹ്സ മൂന്ന് ദിവസത്തോളം ബോധമില്ലാതെ ആശുപത്രിയിൽ കിടന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയോടെ ഇവർ ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. രാജ്യത്തെ ഹിജാബ് നിയമം കർശനമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഈ സംഭവം.
ഇതിന് പിന്നാലെയാണ് രാജ്യമെങ്ങും പ്രതിഷേധവുമായി സ്ത്രീകൾ തെരുവിലിറങ്ങിയത്. യുവതി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണ് മതകാര്യ പോലീസ് അവകാശപ്പെട്ടു. എന്നാൽ, മഹ്സ അമിനിക്ക് ഹൃദയസംബന്ധമായ ഒരു പ്രശ്നവും ഇല്ലായിരുന്നെന്നും ഇവർ പൂർണ്ണ ആരോഗ്യവതിയായിരുന്നെന്നും കുടുംബാംഗങ്ങളും പറയുന്നു.
സ്ത്രീകൾ ഹിജാബ്, അല്ലെങ്കിൽ അയഞ്ഞ ശിരോവസ്ത്രം ഉപയോഗിച്ച് മുഖവും കൈകളും കാലുകളും മൂടണമെന്ന നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് മതകാര്യ പോലീസ് മഹ്സയെ അറസ്റ്റ് ചെയ്തത്. ഈ സമയം ഇവരുടെ സഹോദരൻ കൂടെയുണ്ടായിരുന്നു. മഹ്സയെ ടെഹ്‌റാനിലെ മതകാര്യ പോലീസിൻറെ വാഹനത്തിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്നും തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുമ്പോൾ തന്നെ അവൾ ബോധരഹിതയായി കുഴഞ്ഞുവീണിരുന്നെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
1979-ലെ ഇസ്ലാമിക വിപ്ലവത്തെത്തുടർന്ന്, ഇറാനിൽ ഭരണാധികാരികൾ നിർബന്ധിത വസ്ത്രധാരണ നിയമം കൊണ്ടുവന്നു. എല്ലാ സ്ത്രീകളും പൊതുസ്ഥലത്ത് അവരുടെ ശരീരം മറയ്ക്കുന്ന തരത്തിലുള്ള അയഞ്ഞ വസ്ത്രങ്ങളും ശിരോവസ്ത്രവും കൈയുറകളും ധരിക്കണമെന്ന് നിയമം കർശനമാക്കി. രാജ്യത്തെ സ്ത്രീകൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പ്രത്യേക മതകാര്യ – സദാചാര പോലീസിങ്ങും ഭരണകൂടം ഏർപ്പെടുത്തി.
ഇതിനെ ഔപചാരികമായി “ഗഷ്ത്-ഇ എർഷാദ്” (സദാചാര പോലീസ്) എന്ന് വിളിക്കുന്നു. ഭരണാധികാരികൾ മുന്നോട്ട് വച്ചിരിക്കുന്ന “ശരിയായ” വസ്ത്രധാരണം സ്ത്രീകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതാണ് ഈ മതകാര്യ പോലീസിൻറെ ജോലി. ഇതിനായി സ്ത്രീകളെ തടയുന്നതിനും സ്ത്രീകൾ തങ്ങളുടെ രോമങ്ങൾ വസ്ത്രത്തിന് പുറത്ത് കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും ഇത്തരം മതകാര്യ/സദാചാര പോലീസിന് അധികാരമുണ്ട്. നിയമങ്ങൾ ലംഘിച്ചാൽ പിഴയും തടവും പലപ്പോഴും ചാട്ടവാറടിയും ഏൽക്കേണ്ടി വരും.
സ്ത്രീകൾ ഇറക്കം കുറഞ്ഞ, ശരീരവുമായി ഒട്ടിച്ചേർന്ന് നിൽക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനും വിലക്കുണ്ട്. ഇതിനെതിരെ 2014 ൽ ഒരു ഓൺലൈൻ ക്യാമ്പൈൻ ഇറാനിൽ ആരംഭിച്ചിരുന്നു. “മൈ സ്റ്റെൽത്തി ഫ്രീഡം (My Stealthy Freedom)” എന്ന പേരിലറിയപ്പെട്ട ഈ ഓൺലൈൻ പ്രതിഷേധ ക്യാമ്പൈൻറെ ഫലമായി ഹിജാബ് നിയമങ്ങൾ പരസ്യമായി ലംഘിക്കുന്നതിൻറെ ഫോട്ടോകളും വീഡിയോകളും പ്രചരിച്ചിരുന്നു.
ഇത്തരം പ്രതിഷേധങ്ങൾ ‘വെളുത്ത ബുധനാഴ്ചകൾ (White Wednesdays)’ എന്നും ‘സ്ത്രീകളുടെ വിപ്ലവ തെരുവ് (Girls of Revolution Street)’ എന്നും അറിയിപ്പെട്ടിരുന്ന പ്രതിഷേധ പ്രകടനങ്ങൾക്ക് പ്രചോദനമായി. ഇത്തരം പ്രതിഷേധങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ പ്രതിഷേധമെന്നും ചിലർ വിലയിരുത്തുന്നു. ക്രൂരമായ അക്രമണമാണ് മഹ്സ അമിനിക്ക് മതകാര്യ പോലീസിൽ നിന്നും ഏൽക്കേണ്ടിവന്നതെന്ന് യുഎൻ മനുഷ്യാവകാശ ആക്ടിംഗ് ഹൈക്കമ്മീഷണർ നദ അൽ-നാഷിഫ് പറഞ്ഞു.
മഹ്സ അമിനിയുടെ തലയിൽ വടികൊണ്ട് അടിക്കുകയും പൊലീസ് വാഹനത്തിൽ തല കൂട്ടിപ്പിടിച്ച് ഇടിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ടെന്നും നദ അൽ-നാഷിഫ് കൂട്ടിചേർത്തു. എന്നാൽ, മഹ്സയോടെ മോശമായി പെരുമാറിയെന്ന ആരോപണം പോലീസ് നിഷേധിച്ചു. അവൾക്ക് “പെട്ടെന്നുള്ള ഹൃദയസ്തംഭനം” ഉണ്ടായതായും അങ്ങനെയാണ് മരണം സംഭവിച്ചതെന്നും പോലീസ് ആവർത്തിക്കുന്നു. ഇത് മഹ്സയുടെ കുടുംബാംഗങ്ങൾ തള്ളിക്കളയുന്നു. അവൾ പൂർണ്ണ ആരോഗ്യവതിയായിരുന്നെന്ന് വീട്ടുകാരും ആവർത്തിച്ചു.
“മഹ്‌സ അമിനിയുടെ ദാരുണമായ മരണവും പീഡനം, മോശമായ പെരുമാറ്റം തുടങ്ങിയ ആരോപണങ്ങളും ഒരു സ്വതന്ത്ര അധികാരി സമിതി നിഷ്പക്ഷമായും ഫലപ്രദമായും അന്വേഷിക്കണമെന്നും അത് അവളുടെ കുടുംബത്തിന് നീതിയും സത്യവും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും നഷിഫ് ആവശ്യപ്പെട്ടു. ഹിജാബ് നിയമങ്ങൾ അനുസരിക്കാത്ത സ്ത്രീകളെ ലക്ഷ്യമിടുന്നതും ഉപദ്രവിക്കുന്നതും തടങ്കലിൽ വയ്ക്കുന്നതും അധികാരികൾ അവസാനിപ്പിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
“സ്ത്രീകളോട് മതകാര്യ പൊലീസ് നടത്തുന്ന അക്രമാസക്തമായ പെരുമാറ്റത്തിൻറെ നിരവധി, പരിശോധിച്ചുറപ്പിച്ച വീഡിയോകൾ” ലഭിച്ചിട്ടുണ്ടെന്ന് യുഎൻ അറിയിച്ചു. ഇതിനിടെ പ്രതിഷേധം തുണുപ്പിക്കുന്നതിൻറെ ഭാഗമായി ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സഹായി തിങ്കളാഴ്ച അമിനിയുടെ കുടുംബത്തെ സന്ദർശിച്ചു, “രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും, ലംഘിക്കപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കാൻ നടപടിയെടുക്കുമെന്ന്” അദ്ദേഹം അവരോട് പറഞ്ഞതായി രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ മുതിർന്ന എംപിയായ ജലാൽ റാഷിദി കൂച്ചി സദാചാര പോലീസിനെ പരസ്യമായി വിമർശിച്ച് രംഗത്തെത്തി. മതകാര്യ സേന ഇറാന് “നഷ്ടവും നാശവും” ഉണ്ടാക്കിയതിനാൽ അത് ഒരു “തെറ്റ്” ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹ്‌സ അമിനിയുടെ മരണത്തെ തുടർന്ന് രാജ്യത്തുയർന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾക്കെതിരെ “ബലപ്രയോഗം” റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ നഷിഫ് ആശങ്ക പ്രകടിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിൽ പശ്ചിമ അസർബൈജാൻ പ്രവിശ്യയിലെ പിരാൻഷഹറിലും ഉർമിയയിലും പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ 16 വയസ്സുള്ള ഒരു ആൺകുട്ടിയും 23 വയസ്സുള്ള ഒരാളും കൊല്ലപ്പെട്ടതായി ഇറാനിലെ കുർദിഷ് ഭൂരിഭാഗം പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങൾ നിരീക്ഷിക്കുന്ന നോർവേ ആസ്ഥാനമായുള്ള സംഘടനയായ ഹെൻഗാവ് റിപ്പോർട്ട് ചെയ്തു. അയൽ പ്രവിശ്യയായ കെർമാൻഷായിൽ നടന്ന പ്രതിഷേധത്തിൽ സുരക്ഷാ സേന ഒരു സ്ത്രീയെ വെടിവച്ച് കൊന്നതായും സംഘം റിപ്പോർട്ട് ചെയ്തു.
ഹെൻഗാവ് പറയുന്നതനുസരിച്ച്, തിങ്കളാഴ്ച കുർദിസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധിക്കുകയായിരുന്ന മൂന്ന് പേരെ സുരക്ഷാ സേന വധിച്ചു. ഇതിൽ ഒരാൾ മിസ് അമിനിയുടെ സ്വന്തം നഗരമായ സക്കസിലും മറ്റ് രണ്ട് പേർ ദിവന്ദർരെ, ഡെഹ്‌ഗോലാൻ നഗരങ്ങളിലുമാണ് കൊല്ലപ്പെട്ടത്. ഇതേ ദിവസം ദിവന്ദരെയിൽ നടന്ന് വെടിവെപ്പിൽ പരിക്കേറ്റ ഒരാൾ ഇന്നലെ മരണത്തിന് കീഴടങ്ങി. എന്നാൽ, ഈ മരണങ്ങളൊന്നും ഇറാൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
ചൊവ്വാഴ്ച രണ്ട് പേരെ “വിപ്ലവ വിരുദ്ധ സംഘം” കൊലപ്പെടുത്തിയതായി കെർമാൻഷാ നഗരത്തിലെ പ്രോസിക്യൂട്ടർ തസ്നിം വാർത്താ ഏജൻസിയോട് പറഞ്ഞത് മാത്രമാണ് ഔദ്ധ്യോഗിക മരണ അറിയിപ്പെന്ന് പറയാൻ കഴിയുന്നത്. തെക്കൻ നഗരമായ ഷിറാസിൽ ചൊവ്വാഴ്ച പ്രതിഷേധക്കാരുമായുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്ന ഒരു പോലീസ് അസിസ്റ്റൻറ് മരിച്ചതായി സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഇറാനിലെ സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ ശക്തമായ പ്രതിഷേധത്തിലാണ്. ടെഹ്‌റാനിൽ നിന്നുള്ള സാമൂഹിക മാധ്യമ പോസ്റ്റുകളിൽ സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചുമാറ്റി “സ്വേച്ഛാധിപതിക്ക് മരണം” എന്ന് വിളിച്ച് പറയുന്നത് കാണാം. ഇത്തരം പ്രതിഷേധങ്ങൾ ഇറാനിലെ പരമോന്നത നേതാവെന്ന് അവകാശപ്പെട്ടുന്ന ആയത്തുള്ള അലി ഖമേയ്നിക്കെതിരെയായിരുന്നു. ചിലർ “നീതി, സ്വാതന്ത്ര്യം, നിർബന്ധിത ഹിജാബ് വേണ്ട” എന്ന് വിളിച്ച് പറഞ്ഞു.
വടക്കൻ നഗരമായ റാഷ്റ്റിൽ തിങ്കളാഴ്ച നടന്ന ഒരു പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു സ്ത്രീ, പോലീസുകാർ ഏൽപ്പിച്ച മർദ്ദനത്തിൻറെ പാടുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. മറ്റ് ചില സ്ത്രീകൾ തങ്ങളുടെ മുടി മുറിച്ചാണ് പ്രതിഷേധിച്ചത്. പ്രതിഷേധങ്ങൾക്ക് നേരെ പോലീസ് ലാത്തിയും കണ്ണീർ വാതകവും ഉപയോഗിച്ചു. പിടികൂടിയ സ്ത്രീകളെ വേശ്യകളെന്ന് മുദ്രകുത്തി, തങ്ങൾ ശരീരവിൽപനയ്ക്കായാണ് തെരുവിലെത്തിയതെന്ന് പോലീസ് പറഞ്ഞതായും പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ സാമൂഹിക മാധ്യമങ്ങളിലൂടെ ആരോപിച്ചു.