വാഷിങ്ടൺ: യു.എസ് സൈന്യത്തിന്റെ എല്ലാ വിഭാഗത്തിലും ഹിജാബും തൊപ്പിയും തലപ്പാവും ധരിക്കുന്നതും താടി വെക്കുന്നതും നിയമവിധേയമാക്കണമെന്ന് യു.എസ് പ്രസിഡൻഷ്യൽ കമ്മീഷൻ.
സൈന്യത്തിൽ ഇത്തരത്തിലുള്ള മതചിഹ്നങ്ങൾ ധരിക്കുന്നതിന് 1981മുതലാണ് നിരോധനം ഏർപ്പെടുത്തിയത്. 2017ലും 2020ലും യു.എസ് സൈന്യവും വ്യോമസേനയും ഈ നിയമങ്ങളിൽ മാറ്റം കൊണ്ടുവന്നു. ഇപ്പോൾ യു.എസ് സൈന്യത്തിലും വ്യോമസേനയിലും ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകൾ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നുണ്ടെന്ന് കമീഷൻ ചൂണ്ടിക്കാട്ടി.
അതേസമയം യു.എസ് നാവിക സേനയിൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതും കൂടി ഒഴിവാക്കി സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഒരുപോലെ മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കണമെന്നാണ് ശുപാർശ.