പാരീസ്: റൺവേയിൽ ഇറങ്ങാൻ ശ്രമിച്ച വിമാനം തെന്നിമാറി ഇടിച്ചിറങ്ങിയത് തൊട്ടടുത്ത തടാകത്തിലേക്ക്. വിമാനത്തിന്റെ മുൻഭാഗം തടാകത്തിൽ ഇറങ്ങിയ നിലയിലാണ്.
ഫ്രാൻസിൽ മെഡിറ്ററേനിയൻ തീരത്തെ മോണ്ട്‌പെല്ലിയർ വിമാനത്താവളത്തിലാണ് സംഭവം. വെസ്റ്റ് അറ്റ്‌ലാന്റിക് വ്യോമ കമ്പനിയുടെ കാർഗോ വിമാനമാണ് അപകടത്തിൽപെട്ടത്.
പ്രാദേശിക സമയം പുലർച്ചെ മൂന്ന് മണിയോടെയാണ് വിമാനം അപകടത്തിൽപെട്ടത്. ബോയിങ് 737 വിമാനം റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. മൂന്ന് ജീവനക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ആളപായമില്ല. വിമാനത്തിന്റെ മുൻഭാഗത്തെ വാതിൽ തുറക്കുന്നത് തടാകത്തിലെ വെളളത്തിലേക്കാണ്. വിമാനത്തിൽ ചരക്കും ഉണ്ടായിരുന്നു.
വിമാനം മാറ്റുന്നത് വരെ മറ്റ് സർവ്വീസുകളുടെ ലാൻഡിംഗും യാത്രയും വിലക്കിയിട്ടുണ്ട്. പുല്ലും ചെറിയ ചെടികളുമൊക്കെ നിന്ന പ്രതലത്തിൽ കൂടിയാണ് വിമാനം തടാകത്തിലേക്ക് ഓടിയിറങ്ങിയത്. സംഭവത്തെക്കുറിച്ച് അന്വേഷണവും ആരംഭിച്ചു.