‘ഭീകരരെ സംരക്ഷിക്കുന്നത് നാശം വിളിച്ചു വരുത്തുന്നതിന് തുല്യം’; മുന്നറിയിപ്പുമായി ഇന്ത്യ

Advertisement

ന്യൂയോർക്ക്: ഭീകരവാദത്തോട് അസഹിഷ്ണുത എന്ന ഇന്ത്യൻ നയത്തിന് മാറ്റമില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ. ഭീകരതയെ വെള്ളപൂശാനുള്ള ഒരു ശ്രമത്തിനും അവർ വീഴ്ത്തിയ രക്തക്കറ മായ്ക്കാനാവില്ലെന്നും യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്ക് പിന്തുണയേകുന്ന രാജ്യങ്ങൾക്കെതിരായ യുഎൻ നീക്കങ്ങൾക്ക് തടയിടുന്നവർ സ്വന്തം നാശത്തിനാണ് വഴിതെളിക്കുന്നത്. ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള പരോക്ഷ സന്ദേശമായി അദ്ദേഹം വ്യക്തമാക്കി.

ഭീകരരെ സംരക്ഷിക്കുന്നവർ സ്വയം അപകടം വിളിച്ചുവരുത്തുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുക്രെയ്ൻ–റഷ്യ യുദ്ധത്തിലും വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കി. ‘നിങ്ങൾ ആരുടെ പക്ഷത്താണെന്നു പലപ്പോഴും ചോദിക്കാറുണ്ട്. ഞങ്ങൾ ശരിയുടെയും സത്യസന്ധതയുടെയും ഒപ്പമാണ്. സമാധാനത്തിന്റെ ഭാഗത്താണ്. അവിടെ ഉറച്ചുനിൽക്കുന്നു. ഭക്ഷണം, ഇന്ധനം, വളം എന്നിവയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരുടെ പക്ഷത്താണ് ഞങ്ങൾ.

അതുകൊണ്ട് സംഘർഷം പരിഹരിക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ അകത്തും പുറത്തും ക്രിയാത്മകമായി പ്രവർത്തിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്.’– ജയ്ശങ്കർ പറഞ്ഞു. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരരെ യുഎൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യയും യുഎസും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളും യുഎന്നിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാലിത് വീറ്റോ പവർ ഉപയോഗിച്ച് ചൈന തടയുകയും നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.

മുംബൈ ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ലഷ്കറെ തയിബ നേതാവ് സാജിദ് മിറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കഴി‍ഞ്ഞ മാസം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതും ചൈന തടഞ്ഞിരിക്കുകയാണ്.

Advertisement