ലണ്ടനിലെ ഹോട്ടലിൽവച്ച് പണവും ആഭരണങ്ങളും മോഷ്ടിച്ചു: പരാതിയുമായി ഇന്ത്യൻ താരം

Advertisement

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരായ പരമ്പരയ്ക്കായി ലണ്ടനിലെത്തിയ ഇന്ത്യൻ വനിതാ താരത്തിന്റെ ബാഗും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയതായി വെളിപ്പെടുത്തൽ. ഇന്ത്യൻ താരം ടാനിയ ഭാട്ടിയയാണ് ലണ്ടനിലെ ഹോട്ടൽ മുറിയിൽവച്ചു ബാഗ് മോഷ്ടിക്കപ്പെട്ടതായി ട്വിറ്ററിൽ കുറിച്ചത്. ‘ആരോ തന്റെ മുറിയിൽ പ്രവേശിച്ചതായും പണം, കാർഡുകൾ, വാച്ചുകൾ‌, ആഭരണങ്ങൾ എന്നിവയടങ്ങിയ ബാഗ് മോഷ്ടിച്ചതായും’ ടാനിയ ട്വിറ്ററിൽ കുറിച്ചു.

ലണ്ടനിലെ ഹോട്ടൽ മുറിയിൽവച്ചുണ്ടായ മോഷണത്തിൽ ഞെട്ടലും ആശങ്കയും അറിയിക്കുന്നതായും ടാനിയ ട്വിറ്ററിൽ അറിയിച്ചു. ‘മോഷണത്തിൽ വേഗത്തിലുള്ള അന്വേഷണവും പ്രശ്നപരിഹാരവുമാണു പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർ‍ഡ് നിർദേശിച്ച ഹോട്ടലിൽ ഇത്തരത്തിലൊരു സുരക്ഷാ വീഴ്ചയുണ്ടായതു ഞെട്ടിക്കുന്ന കാര്യമാണ്.’– ടാനിയ അഭിപ്രായപ്പെട്ടു. പരാതിയിൽ ഹോട്ടൽ അധികൃതർ വിവരങ്ങൾ തേടിയിട്ടുണ്ട്.

ഇന്ത്യ– ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉണ്ടായിരുന്നെങ്കിലും ടാനിയയ്ക്ക് ഒരു മത്സരവും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യയ്ക്കായി 19 ഏകദിനങ്ങളും 53 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് വിക്കറ്റ് കീപ്പർ ബാറ്ററായ ടാനിയ ഭാട്ടിയ.