റിയാദ്: കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായിരുന്ന മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. ഇതുവരെ രാജാക്കന്മാർ മാത്രമായിരുന്നു പ്രധാനമന്ത്രിപദം വഹിച്ചിരുന്നത്. ഭരണാധികാരി സൽമാൻ രാജാവാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ഖാലിദ് ബിൻ സൽമാൻ രാജകുമാരനെ പുതിയ പ്രതിരോധ മന്ത്രിയായി നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രിയായി യൂസുഫ് ബിൻ അബ്ദുല്ല അൽ ബുനയ്യാനെയും ഉപപ്രതിരോധ മന്ത്രിയായി തലാൽ അൽ ഉതൈബിയും പ്രവർത്തിക്കും.
ഊർജ മന്ത്രി പദവിയിൽ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും വിദേശ മന്ത്രി പദവിയിൽ ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും ആഭ്യന്തര മന്ത്രി പദവിയിൽ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരനും തുടരും.
നാഷനൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, മാനവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അൽറാജ്ഹി, ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ എന്നിവരും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ തുടരും.