ഒരുകാലത്ത് ലോകത്തിലെ അതിസമ്പന്നരിൽ മൂന്നാമനായിരുന്നു മെറ്റാ (META) സി.ഇ.ഒ മാർക് സക്കർബർഗ്. എന്നാലിപ്പോൾ, സ്വന്തം രാജ്യത്തെ ഏറ്റവും വലിയ പണക്കാരുടെ ലിസ്റ്റിലെ ആദ്യ പത്തിൽ നിന്ന് പോലും പുറത്തായിരിക്കുകയാണ് അദ്ദേഹം.
ഫോർബ്സ് പുറത്തുവിട്ട യു.എസിലെ 400 സമ്പന്നരുടെ പട്ടികയിൽ സക്കർബർഗിപ്പോൾ 11-ആം സ്ഥാനത്താണ്. 2015ന് ശേഷം ആദ്യമായാണ് സക്കർബർഗ് ടോപ് 10-ൽ നിന്ന് പുറത്താകുന്നത്.
2021 സെപ്തംബർ മുതലുള്ള കണക്കുകൾ നോക്കിയാൽ സക്കർബർഗിന് തന്റെ പകുതിയിലധികം സമ്പത്ത് നഷ്ടപ്പെട്ടതായി ഫോർബ്സ് പറയുന്നു. 7680 കോടി ഡോളർ വരുമത്. പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഫേസ്ബുക്ക് തലവനിപ്പോൾ 11-ആം സ്ഥാനത്തേക്കാണ് താണുപോയത്.
ഫേസ്ബുക്ക് സ്ഥാപിച്ച് നാല് വർഷത്തിന് ശേഷം 2008ലാണ് സക്കർബർഗ് ആദ്യമായി ശതകോടീശ്വരനാകുന്നത്. 23-ആം വയസ്സിൽ, ഫോബ്സിന്റെ 400 സമ്പന്നരുടെ ലിസ്റ്റിൽ 321-ആം സ്ഥാനത്തെത്തി. അക്കാലത്ത് ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനായിരുന്നു അദ്ദേഹം.
ഫോർബ്സ് ലിസ്റ്റ് പ്രകാരം നിലവിൽ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 57.7 ബില്യൺ ഡോളറാണ്. വാൾമാർട്ട് തലവൻ, ജിം വാൾട്ടൺ, മൈക്കൽ ബ്ലൂംബെർഗ്, മുൻ മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ഗൂഗിൾ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് എന്നിവർക്ക് പിന്നിലാണ് മെറ്റ തലവന്റെ സ്ഥാനം.
കഴിഞ്ഞ വർഷം സെപ്തംബറിൽ കമ്പനിയുടെ ഓഹരികൾ 382 ബില്യൺ ഡോളറിലെത്തിയിരുന്നു. അതോടെ, സക്കർബർഗിന്റെ സമ്പത്ത് 142 ബില്യൺ ഡോളറായി കുതിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ അദ്ദേഹം തന്റെ കമ്പനിയുടെ പേര് ഫേസ്ബുക്കിൽ നിന്ന് ‘മെറ്റ’ എന്നതിലേക്ക് മാറ്റി. വെർച്വൽ റിയാലിറ്റി ലോകമായ മെറ്റാവേഴ്സിന്റെ ചുരുക്കരൂപമാണ് മെറ്റ. എന്നാൽ, ഈ നീക്കം സക്കർബർഗിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. കമ്പനിയുടെ മൂല്യം കാര്യമായി ഇടിയാൻ തുടങ്ങി. ഫേസ്ബുക്ക് യൂസർമാരുടെ എണ്ണവും ഗണ്യമായി കുറഞ്ഞുവന്നു.