ഫ്ളോറിഡ: കഴിഞ്ഞ ദിവസങ്ങളിൽ ഹവാന നഗരം ഉൾപ്പെടുന്ന ക്യൂബൻ ദ്വീപിൻറെ പടിഞ്ഞാറൻ മേഖലയിൽ കനത്ത നാശം വിതച്ച ഇയൻ ചുഴിക്കാറ്റ് ഇന്നലെയോടെ ഗൾഫ് ഓഫ് മെക്സിക്കോ കടന്ന് ഫോറിഡ തീരത്ത് പ്രവേശിച്ചു. ഇതിനിടെ ശക്തി പ്രാപിച്ച ചുഴലിക്കാറ്റിനെ കാറ്റഗറി 4 ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫ്ളോറിഡയുടെ തെക്ക് പടിഞ്ഞാറ് വശത്തുകൂടി കരതോട്ട ചുഴലിക്കാറ്റിനെ തുടർന്ന് നഗരത്തിലെമ്പാടും വെള്ളപ്പൊക്കം സൃഷ്ടിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. വ്യാപകമായ വൈദ്യുതി മുടക്കവും റിപ്പോർട്ട് ചെയ്തു. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്ന് സമീപ സംസ്ഥാനങ്ങളായ ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, വിർജീനിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിൽ റോഡുകൾ മിക്കതും തകർക്കപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഫോർട്ട് മിയേഴ്‌സ് ഇയാനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ചുഴലിക്കാറ്റിനിടെ അഭയാർത്ഥി ബോട്ട് മുങ്ങി 20 ഓളം കുടിയേറ്റക്കാരെ കാണാതായതായി റിപ്പോർട്ടുകളുണ്ട്. സംഘത്തിലുണ്ടായിരുന്ന നാല് ക്യൂബക്കാർ ഫ്ലോറിഡ കീസ് ദ്വീപുകളിലേക്ക് നീന്തി രക്ഷപ്പെട്ടപ്പോൾ മൂന്ന് പേരെ കടലിൽ നിന്നും കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയെന്ന് യുഎസ് ബോർഡർ പട്രോൾ അറിയിച്ചു.
ഫോർട്ട് മിയേഴ്‌സ് നഗരത്തിന് പടിഞ്ഞാറുള്ള കായോ കോസ്റ്റ എന്ന ബാരിയർ ദ്വീപിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ചുഴലിക്കാറ്റ് കരതൊട്ടതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം (എൻഎച്ച്സി) പറഞ്ഞു. തീരദേശ നഗരമായ നേപ്പിൾസിൽ നിന്നുള്ള വീഡിയോകളിൽ ശക്തമായ കാറ്റിൽ തീരദേശത്തെ വീടുകളിലേക്ക് കടൽ കയറുന്നതും റോഡുകൾ വെള്ളത്തിനടിയിലാകുന്നതും വാഹനങ്ങൾ ഒലിച്ച് പോകുന്നതും കാണാമായിരുന്നു.
80,000-ത്തിലധികം ജനസംഖ്യയുള്ള ഫോർട്ട് മിയേഴ്സിലെ നിരവധി വീടുകൾ ഇപ്പോൾ വെള്ളത്തിനടിയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയൻ ചുഴലിക്കാറ്റ് കര തൊടുമ്പോൾ മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിലാണ് വീശിക്കൊണ്ടിരുന്നതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. കര തോട്ടതിന് പിന്നാലെ ചുഴലിക്കാറ്റിൻറെ ശക്തി കുറഞ്ഞു.
മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റഗറി 3 ൽ ഉൾപ്പെട്ട ചുഴലിക്കാറ്റായി ഇയൻ മാറിയതായും എൻഎച്ച്സിയുടെ റിപ്പോർട്ടിൽ പറയുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ 11 ദശലക്ഷത്തിലധികം പേർക്ക് വൈദ്യുതി ബന്ധം നഷ്ടമായി. സംസ്ഥാനത്തിൻറെ തെക്ക് പടിഞ്ഞാറൻ പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും മോശമായി ബാധിച്ചത്.
ഫ്ലോറിഡയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളെയും ജോർജിയ, സൗത്ത് കരോലിന എന്നീ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ഇയാൻ നേരിട്ട് ബാധിക്കുമെന്ന് എൻഎച്ച്സി റിപ്പോർട്ട് ചെയ്തു. സംസ്ഥാനം ഏറ്റവും മോശമായ രണ്ട് ദിവസത്തിലൂടെ കടന്ന് പോവുകയാണെന്നായിരുന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അഭിപ്രായപ്പെട്ടത്.