ബ്രിട്ടനിലെ നഴ്‌സ് ക്ഷാമം പരിഹരിക്കാൻ ഇംഗ്ലീഷ് പരീക്ഷാ മാനദണ്ഡങ്ങളിൽ ഇളവുകൾ വരുന്നു

Advertisement

ലണ്ടൻ: ബ്രിട്ടനിലേക്കുള്ള വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് ആവശ്യമായിരുന്ന ഇംഗ്ലീഷ് പരിജ്ഞാന പരീക്ഷയുടെ മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു.

വിദേശത്ത് നിന്ന് കൂടുതൽ നഴ്‌സുമാരെ എത്തിച്ച്‌ എൻഎച്ച്‌എസ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നഴ്‌സിങ് ആന്റ് മിഡൈ്വഫറി കൗൺസിൽ ഇത്തരമൊരു തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം എടുത്തത്. 2023 ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് വിവരം.

നിലവിൽ ബ്രിട്ടനിൽ കെയറർമാരായി ജോലി ചെയ്യുന്ന നഴ്‌സുമാർക്ക് അവരുടെ നഴ്‌സിങ് പഠനവും പരീക്ഷകളും ഇംഗ്ലീഷിൽ ആയിരുന്നു എന്ന് തെളിയിക്കുകയും, തൊഴിലുടമ ഇംഗ്ലീഷ് പരിജ്ഞാനം സാക്ഷ്യപ്പെടുത്തുകും ചെയ്താൽ എൻ.എം.സി രജിസ്‌ട്രേഷനുമായി മുന്നോട്ട് പോകാനാകും. ഇതാണ് പുതിയ മാറ്റം. മേലധികാരികളുടെ സാക്ഷ്യപ്പെടുത്തലും റഫറൻസും എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച്‌ വിശദമായ മാർസരേഖ മൂന്ന് മാസത്തിനുള്ളിൽ തയ്യാറാക്കും. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മേലധികാരിക്കാവും ഇതിനുള്ള അധികാരം. അതേ സ്ഥാനത്തുള്ള മറ്റൊരു വ്യക്തിയുടെ പിന്തുണയും ആവശ്യമാണ്.

ബ്രിട്ടനിലെത്തി നഴ്‌സായി ജോലി ചെയ്യാൻ ഐഇഎൽടിഎസ് അല്ലെങ്കിൽ ഒഇടി പരിക്ഷ പാസാകണമെന്ന കർശന നിബന്ധന ഇതോടെ ഒഴിവാകും. ഒഇടി, ഐഇഎൽടിഎസ് പരീക്ഷകൾ എഴുതുന്നവർക്ക് ക്ലബ്ബിങ്ങിന് അനുവദിച്ചിരുന്ന ഇളവുകളും കൂടുതൽ ഉദാരമാക്കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ എഴുതിയ പരീക്ഷയുടെ മാർക്കുകൾ ഒന്നായിട്ടാണ് ഇതുവരെ കണക്കാക്കിയിരുന്നത്. ഇത് പന്ത്രണ്ട് മാസമായി ഉയർത്തും. പലവട്ടം പരീക്ഷയെഴുതി ഒന്നോ രണ്ടോ മൊഡ്യൂളിന് വേണ്ടത്ര സ്‌കോർ ലഭിക്കാത്ത പതിനായിരക്കണക്കിന് ഇന്ത്യൻ നഴ്‌സുമാർക്ക് ഇത് ഗുണം ചെയ്യും. നിലവിൽ യുകെയിൽ എത്താൻ വിവിധ മൊഡ്യൂളുകളിലായി 7ഉം, 6.5ഉം ആണ് സ്‌കോർ വേണ്ടത്. ഏതെങ്കിലും ഒരു മൊഡ്യൂളിന് മാർക്ക് കുറഞ്ഞാൽ ആറ് മാസത്തിനുള്ളിൽ എഴുതിയ പരീക്ഷയുടെ സ്‌കോറുമായി ക്ലബ്ബ് ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്.