ന്യൂഡൽഹി: കാനഡയിൽ ബ്രാംപ്റ്റണിൽ ശ്രീ ഭഗവത് ഗീത പാർക്കിലെ ബോർഡ് നശിപ്പിച്ച സംഭവത്തെ അപലപിച്ച് ഇന്ത്യ. കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടികൾ എടുക്കുമെന്ന് കരുതുന്നതായി ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഹൈന്ദവ സമൂഹം നൽകിയ സംഭാവന പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പാർക്കിന്റെ പേര് ശ്രീ ഭഗവത് ഗീത പാർക്ക് എന്ന് പേരു മാറ്റിയത്.
പാർക്കിന്റെ പേരെഴുതി വച്ചിരുന്ന ബോർഡാണ് നശിപ്പിച്ചത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചെന്ന് ബ്രാംപ്റ്റൺ മേയർ പാട്രിക് ബ്രൗൺ അറിയിച്ചു. പീൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും ബ്രൗൺ ട്വീറ്റ് ചെയ്തു.
ഹൈന്ദവ ക്ഷേത്രങ്ങൾക്കുനേരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെ തുടർച്ചയാണ് ഇതെന്ന് കാനഡയിലെ ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ പറഞ്ഞു. ബ്രാംപ്റ്റൺ ഈസ്റ്റിലെ എംപി മനീന്ദർ സിദ്ധുവും ‘ഹീനമായ നടപടി’യാണിതെന്നും ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾക്ക് ‘ഈ സമൂഹത്തിൽ സ്ഥാനമില്ലെന്നും’ പ്രതികരിച്ചു.