ഇറാൻ–ചൈന വിമാനത്തിൽ ബോംബ് ഭീഷണി

Advertisement

ന്യൂഡ‍ൽഹി: ഇന്ത്യൻ വ്യോമമേഖലയിൽക്കൂടി പറക്കുകയായിരുന്ന ഇറാന്റെ യാത്രാ വിമാനത്തിൽ ബോംബ് ഭീഷണി. മഹാൻ എയർ ഫ്ലൈറ്റ് (ഐആർഎം081) വിമാനം ഇറാനിലെ ടെഹ്റാനിൽനിന്ന് ചൈനയിലെ ഗുവാങ്ചൗവിലേക്കു പോകുകയായിരുന്നു.

ഡൽഹിയിൽ ഇറങ്ങാൻ അനുവാദം തേടിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ജയ്പൂരിലേക്കു തിരിച്ചുവിട്ടു. എന്നാൽ ജയ്പൂരിൽ ഇറങ്ങാൻ പൈലറ്റ് വിസമ്മതിച്ചു.

പിന്നാലെ വ്യോമസേനാ വിമാനങ്ങൾ എത്തി വിമാനത്തെ ഇന്ത്യൻ വ്യോമാതിർത്തി കടത്തിവിടുകയും ചെയ്തു. പഞ്ചാബ്, ജോധ്പുർ വ്യോമതാവളങ്ങളിൽനിന്നുള്ള സുഖോയ്–30എംകെഐ യുദ്ധവിമാനങ്ങളെയാണ് വ്യോമസേന ഇതിനായി വിന്യസിച്ചത്.

വിമാനം ചൈനയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചതായി വിമാനങ്ങൾ ട്രാക്ക് ചെയ്യുന്ന ഫ്ലൈറ്റ് റഡാർ വെബ്സൈറ്റിൽനിന്ന് വ്യക്തമായി. വിമാനത്തിൽ ബോംബ് ഉണ്ടെന്ന വിവരം രാവിലെ 9.30നാണ് ലഭിച്ചതെന്നു പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് ഡൽഹി വിമാനത്താവള അധികൃതരെയും വിവരം അറിയിച്ചിരുന്നു.

Advertisement