അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ നിരോധിച്ച് താലിബാൻ

Advertisement

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. രാജ്യത്ത് പാകിസ്ഥാൻ കറൻസിയുടെ നിരോധനം ഒക്ടോബർ ഒന്ന് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി അഫ്ഗാൻ വാർത്താ ഏജൻസിയായ ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചതായി താലിബാൻ ഇൻറലിജൻസ് ഏജൻസിയും അറിയിച്ചു. ഇതോടെ പാകിസ്ഥാനുമായി താലിബാൻ കൂടുതൽ അകലുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപയുടെ കൈമാറ്റം, വ്യാപാരം, കറൻസി വിനിമയം എന്നിവ ഉൾപ്പെടെ എല്ലാ സാമ്പത്തിക ഇടപാടുകളും നിരോധിക്കപ്പെട്ടു. 5,00,000 പാകിസ്ഥാൻ രൂപയിൽ കൂടുതൽ ഇടപാടുകൾ നടത്തുന്നതിൽ നിന്ന് മണി എക്‌സ്‌ചേഞ്ച് ഡീലർമാർക്ക് വിലക്കുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. നിശ്ചിത തുകയിൽ കൂടുതൽ തുക കണ്ടെത്തിയാൽ ഡീലർമാർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്നും അറിയിപ്പിൽ പറയുന്നു.

അഫ്ഗാനിസ്ഥാൻറെ ഭരണം താലിബാൻ ഏറ്റടുത്തതിന് ശേഷം നിലവിൽ വന്ന അന്താരാഷ്ട്ര ഉപരോധത്തിൽ രാജ്യം വലിയ തോതിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ്. ഇതിനിടെ രാജ്യത്തെ സാധാരണ പൗരന്മാർ പാകിസ്ഥാൻ രൂപയിലാണ് ഭക്ഷണമടക്കമുള്ള ദൈനംദിന ചെലവുകൾ നടത്തുന്നത്. ഈ സമയത്താണ് താലിബാൻ പാകിസ്ഥാൻ രൂപ ഉപയോഗിച്ചുള്ള വ്യാപാരം നിരോധിച്ച് കൊണ്ട് ഉത്തരവിട്ടതും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാൻറെ അധികാരം പിടിച്ചെടുത്തതിന് ശേഷം, അതിർത്തി സംഘർഷങ്ങൾ വർദ്ധിക്കുന്നതും പാകിസ്ഥാനിൽ നിയമവിരുദ്ധമായ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) വീണ്ടും ശക്തിപ്രാപിക്കുന്നതും ഉൾപ്പെടെ നിരവധി കാരണങ്ങളാൽ താലിബാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു.

അഫ്ഗാനിസ്ഥാനിൽ അക്രമണം നടത്താൻ യുഎസ് ഡ്രോണുകൾക്ക് തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ പാകിസ്ഥാൻ അനുമതി നൽകിയതായി താലിബാൻ ആരോപിച്ചിരുന്നു. ഇതിനായി പാകിസ്ഥാൻ യുഎസിൽ നിന്നും ഭീമമായ തുക കൈപ്പറ്റിയെന്നും ഇതിനുള്ള തെളിവ് തങ്ങളുടെ പക്കലുണ്ടെന്നും താലിബാൻ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ജൂലൈ 31 ന് കാബൂളിലെ തൻറെ വസതിയിൽ നിൽക്കവേ അൽഖ്വയ്ദ നേതാവായ അയ്മാൻ അല് സവാഹിരിയെ യുഎസ്, ഡ്രോൺ ഉപയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. കൂടാതെ തലിബാനെ ലക്ഷ്യം വച്ച് തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ പുനരാരംഭിച്ചതും താലിബാനെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് പകിസ്ഥാൻ കറൻസിക്ക് നിരോധനമേർപ്പെടുത്തിയതായി താലിബാൻ അറിയിച്ചത്.

Advertisement