മൊഗാദിഷു: കൊടുംപട്ടിണി വേട്ടയാടുന്ന സോമാലിയയിൽ ഭക്ഷ്യവസ്തുക്കളില്ലാതെ ലക്ഷങ്ങൾ.
വലിയ ഇടവേളക്ക് ശേഷം പട്ടിണിമരണങ്ങളും ദാരിദ്രത്തിൻറെ നടുക്കുന്ന അവസ്ഥകളും സൊമാലിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ആഫ്രിക്കൻ രാജ്യത്തെ പട്ടിണിബാധിതമായി യുഎൻ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സൊമാലിയയിൽ അഞ്ചിലൊന്നു വീടുകളും പട്ടിണികൊണ്ട് പൊറുതിമുട്ടി ജീവിതത്തോട് പോരാടുകയാണ്. 30 ശതമാനം കുട്ടികൾക്കും ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷ്യക്ഷാമവും വറുതി മൂലമുള്ള മരണവും രൂക്ഷമായ രാജ്യത്ത് കൂടുതലായി കോളറ ബാധയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
2011ലും രാജ്യം പട്ടിണിയുടെ പിടിയിലാണെന്ന് യുഎൻ പ്രഖ്യാപിച്ചിരുന്നു. പട്ടിണി മൂലം രണ്ടര ലക്ഷത്തോളം പേർ രാജ്യത്ത് മരിച്ചതോടെയായിരുന്നു നടപടി. മരിക്കുന്നവരിൽ പകുതിയും അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളായിരുന്നു.