വാഷിങ്ടൺ: ഉദ്യോഗാർഥികളെ നിയമിക്കുന്ന കാര്യത്തിൽ വിവേചനം കാണിക്കുന്നുവെന്ന പരാതിയിൽ ഐ.ടി ഭീമനായ ഇൻഫോസിസ് നിയമ നടപടി നേരിടുന്നു.
പ്രായം, ലിംഗം, ദേശീയത എന്നിവയുടെ അടിസ്ഥാനത്തിൽ നിയമ പ്രകൃയയിൽ കമ്പനി വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് മുൻ എക്സിക്യൂട്ടീവ് ജിൽ പ്രജീൻ ആണ് ഇൻഫോസിസിനെതിരെ യു.എസ് കോടതിയിൽ പരാതി നൽകിയത്.
ഇന്ത്യൻ വംശജർ, കുട്ടികളുള്ള സ്ത്രീകൾ, 50 വയസ്സിന് മുകളിലുള്ളവർ എന്നിവരെ നിയമിക്കുന്നത് ഒഴിവാക്കാൻ തന്നോട് ആവശ്യപ്പെട്ടതായി ഇൻഫോസിസിന്റെ ടാലന്റ് അക്വിസിഷൻ മുൻ വൈസ് പ്രസിഡന്റ് ജിൽ പ്രിജീൻ അവകാശപ്പെട്ടു. തുടർന്ന് കമ്പനിക്കെതിരെ ന്യൂയോർക്കിലെ യു.എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ പരാതി നൽകി ഞെട്ടിച്ചിരിക്കയാണ് ജിൽ. ഇൻഫോസിസ് കമ്പനി, കമ്പനിയിലെ മുൻ എക്സിക്യൂട്ടീവ്, പാർട്ണേഴ്സ് എന്നിവർക്കെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് പരാതി നൽകിയത്. പ്രായം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന വിവേചനം തന്നെ ഞെട്ടിപ്പിച്ചതായും അവർ പറഞ്ഞു. തന്റെ കാലത്ത് ആദ്യ രണ്ട് മാസം ഇത്തരം വിവേചനങ്ങൾ മാറ്റാൻ പരമാവധി ശ്രമിച്ചതായും എന്നാൽ ഇൻഫോസിസ് അധികൃതരിൽ നിന്ന് എതിർപ്പ് നേരിട്ടതായും അവർ വ്യക്തമാക്കി. 2018ലായിരുന്നു അത്.
സീനിയർ എക്‌സിക്യൂട്ടീവുകളെ നിയമിക്കുന്നതിൽ കമ്പനിയുടെ നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുസരിക്കാത്തതിനാൽ തന്നെ പിരിച്ചുവിട്ടതായി അവകാശപ്പെട്ട് ജിൽ സമർപ്പിച്ച പരാതി തള്ളിക്കളയാൻ ഇൻഫോസിസ് പ്രമേയം ഫയൽ ചെയ്തിരുന്നു. പരാതിക്ക് അടിസ്ഥാനമില്ലെന്നായിരുന്നു ഇൻഫോസിസിന്റെ കണ്ടെത്തൽ.
എന്നാൽ, ഹർജി തള്ളിയ കോടതി ഉത്തരവിന്റെ തീയതി മുതൽ 21 ദിവസത്തിനകം മറുപടി നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടു. മുൻ സീനിയർ വിപിയും കൺസൾട്ടിങ് മേധാവിയുമായ മാർക്ക് ലിവിംഗ്സ്റ്റൺ, മുൻ പങ്കാളികളായ ഡാൻ ആൽബ്രൈറ്റ്, ജെറി കുർട്ട്സ് എന്നിവർക്കെതിരെയാണ് കേസ്.